"ഇനി പുതിയ തലമുറയുടെ ഊഴം"; അൽജീരിയൻ ഇതിഹാസം റിയാദ് മഹ്റെസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Photo Credit:FIFA
വാൻകൂവർ: അഞ്ച് തവണ പ്രീമിയർ ലീഗ് കിരീടം നേടിയ ഇതിഹാസ താരം റിയാദ് മഹ്റെസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനോട് 2-0 ന് തോറ്റ് അൽജീരിയ പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു വ്യാഴാഴ്ച താരത്തിന്റെ പ്രഖ്യാപനം.
"തീർച്ചയായും നല്ല നിമിഷങ്ങളും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളും കരിയറിൽ ഉണ്ടായിരുന്നു. അത് കരിയറിന്റെ ഭാഗമാണ്," മത്സരത്തിന് ശേഷം മഹ്റെസ് പറഞ്ഞു. "എന്നാൽ ചെറുപ്പം മുതലേ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. അൽജീരിയയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അഭിമാനവുമാണ്. ഇനി പുതിയ തലമുറയുടെ ഊഴമാണ്."
മത്സരത്തിന് ശേഷം മൈതാനത്ത് നിന്ന് മടങ്ങുമ്പോൾ മഹ്റെസ് ആരാധകർക്ക് നേരെ തള്ളവിരൽ ഉയർത്തിയും, ഹൃദയത്തിൽ കൈവെച്ച് കൈവീശിയും നന്ദി അറിയിച്ചു. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-അഹ്‌ലിക്ക് വേണ്ടി കളിക്കുന്ന മഹ്റെസിന് ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച കരിയറാണ് ഉള്ളത്.
അൽജീരിയക്കായി നൂറ്റിപ്പത്തൊൻപത് മത്സരങ്ങൾ കളിച്ച മുപ്പത്തിയഞ്ചുകാരനായ ഈ ഫോർവേഡ്, രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമായും, നാല്പത് ഗോളുകളോടെ രണ്ടാമത്തെ ഉയർന്ന ഗോൾവേട്ടക്കാരനായും ആണ് കളം വിടുന്നത്. 2019 ൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് നേടിയ അൽജീരിയൻ ടീമിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു..
ക്ലബ്ബ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റിക്കൊപ്പം ഒരു പ്രീമിയർ ലീഗ് കിരീടവും, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയും മഹ്റെസ് സ്വന്തമാക്കിയിട്ടുണ്ട്.











0 comments