കോൺഗ്രസിൽ അസ്വാരസ്യം; കെപിസിസി യോഗം വിളിക്കണമെന്ന ആവശ്യവുമായി ജനറൽ സെക്രട്ടറി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നയപരമായ തീരുമാനങ്ങളിൽ അടിയന്തരമായി കൂടിയാലോചനകൾ വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വത്തിന് കത്ത്. കെപിസിസി ജനറൽ സെക്രട്ടറി എംആർ അഭിലാഷാണ് സംസ്ഥാന അധ്യക്ഷന് ഇത് സംബന്ധിച്ച കത്ത് നൽകിയത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി-എംഎസ്‌സി കരാർ, പ്ലീഡർ നിയമനം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയിൽ അതൃപ്തി പുകയുന്നതിനിടെയാണ് നീക്കം. കഴിഞ്ഞ മാസം ആറിനാണ് ഒടുവിലായി കെപിസിസി നേതൃയോഗം ചേർന്നത്.
പ്രധാനപ്പെട്ട വിഷയങ്ങളിൽ പാർട്ടിയിൽ ചർച്ചകൾ നടക്കാത്തതിൽ കെസി വേണുഗോപാൽ വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. അദാനി ഗ്രൂപ്പ് എംഎസ്‌സിക്ക് 49 ശതമാനം ഓഹരി കൈമാറാൻ കരാറുണ്ടാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വാദവും കോൺഗ്രസിലെ ഒരു വിഭാഗം മുഖവിലയ്‌ക്കെടുക്കുന്നില്ല.
സർക്കാർ അറിയാതെ അദാനി ഗ്രൂപ്പ് ഇത്തരം നീക്കങ്ങൾ നടത്തിയെങ്കിൽ അതിനെതിരെ സർക്കാർ അതിശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് കെസി പക്ഷത്തിന്റെ ആവശ്യം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുടെ നിർദ്ദേശപ്രകാരം ഈ വിഷയത്തിൽ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു.
വീര്യം കുറഞ്ഞ മദ്യം, കരിമണൽ ഖനനം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം തുടങ്ങിയ വിഷയങ്ങളിലും പാർട്ടിയിൽ ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന പരാതി നേരത്തെ തന്നെ കോൺഗ്രസിനുള്ളിൽ ശക്തമാണ്.










0 comments