ad
Deshabhimani

ഇനി മഴയത്ത് തുണി നനയില്ല; വിസ്മയ കണ്ടുപിടിത്തവുമായി നിലമ്പൂരിലെ കൊച്ചു ശാസ്ത്രജ്ഞർ

nilambur_school studente_little kites

റയാൻ റിയാസും, ഹെമൻ മുഹമ്മദും അധ്യാപകർക്കൊപ്പം

വെബ് ഡെസ്ക്

Published on Jul 03, 2026, 05:49 PM | 2 min read

നിലമ്പൂർ: മഴ പെയ്യുമ്പോൾ ഇനി ഉണങ്ങാനിട്ട തുണി ഓർത്തോർത്ത് വിഷമിക്കേണ്ട. മഴ പെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഉണക്കാനിട്ട തുണികൾ തനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്ന അത്യാധുനിക 'സ്മാർട്ട് അഴ' വികസിപ്പിച്ചിരിക്കുകയാണ് നിലമ്പൂരിലെ രണ്ട് വിദ്യാർഥികൾ. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റയാൻ റിയാസും, ഹെമൻ മുഹമ്മദുമാണ് ഈ അപൂർവ്വ നേട്ടത്തിന് പിന്നിൽ. മഴ പെയ്യുമ്പോൾ തുണികൾ തനിയെ ഷെഡിനുള്ളിലേക്ക് മാറുകയും, മഴ മാറി വെയിൽ വരുമ്പോൾ വീണ്ടും തനിയെ പുറത്തേക്ക് നീങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഈ അഴ ഡിസൈൻ ചെയ്തിരിക്കുന്നത്.


സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബ് അംഗങ്ങളായ ഈ കൊച്ചു മിടുക്കന്മാർ തങ്ങളുടെ സാങ്കേതിക മികവ് കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 'സ്മാർട്ട് അഴ'യ്ക്ക് പുറമെ മറ്റ് നിരവധി ഓട്ടോമാറ്റിക് സംവിധാനങ്ങളും ഇവർ തയ്യാറാക്കിയിട്ടുണ്ട്. അതിലൊന്നാണ് ഓട്ടോമാറ്റിക് ഇറിഗേഷൻ സിസ്റ്റം: കൃഷിയിടങ്ങളിലെ മണ്ണിലെ ജലാംശത്തിൻ്റെ അളവ് മനസിലാക്കി ഓട്ടോമാറ്റിക്കായി ചെടികൾ നനയ്ക്കാൻ കഴിയുന്ന സംവിധാനമാണിത്.. വീട് പൂട്ടിയിട്ട് ദൂരയാത്ര ചെയ്യുന്നവർക്കും വിദേശത്ത് താമസമാക്കിയവർക്കും പൂന്തോട്ട ജലസേചനം സൗകര്യം ഓട്ടോമാറ്റിക്കായി നടത്താൻ സാധിക്കും.


മറ്റൊരു കണ്ടുപിടുത്തം ഓട്ടോമാറ്റിക് സ്മാർട്ട് ഡോർ & ലൈറ്റിങ് സംവിധാനമാണ്. മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വാതിലുകളും ലൈറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ആരെങ്കിലും വീട്ടിൽ അതിക്രമിച്ച് കടന്നാൽ മൊബൈൽ ഫോണിൽ വിവരം ലഭിക്കുകയും ചെയ്യും. ഈ സംവിധാനങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഇവർ സ്വന്തമായി ഒരു വെബ്സൈറ്റും രൂപകൽപ്പന ചെയ്തിട്ടുണ്ട്. വെബ്സൈറ്റ് ഏത് സ്മാർട്ട് ഫോണുമായും ബന്ധിപ്പിക്കാം. അതു കൊണ്ട് മാനുവൽ ആയും ഫോൺ ഉപയോഗിച്ച് ഉപകരണങ്ങളെ നിയന്ത്രിക്കാൻ കഴിയും.


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ ലഭിച്ച പരിശീലനമാണ് തങ്ങൾക്ക് ഈ കണ്ടുപിടിത്തത്തിന് സഹായകരമായതെന്ന് റയാനും ഹെമനും പറഞ്ഞു. വല്ലപ്പുഴ സ്വദേശി കുണ്ടൻചോല റിയാസ്, ലുബ്ന ദമ്പതികളുടെ മകനാണ് റയാൻ റിയാസ്. വല്ലപ്പുഴ സ്വദേശി ചെറുപുളിക്കൽ ഫൈസൽ, ഷബ്നം ദമ്പതികളുടെ മകനാണ് ഹെമൻ മുഹമ്മദ്. കൊച്ചു ശാസ്ത്രജ്ഞരുടെ ഈ വലിയ നേട്ടത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ എം അബ്ദു റഹിമാൻ, എസ് ആർ ജി കൺവീനർ സുരേഷ് കണിയാംപറമ്പിൽ, ലിറ്റിൽ കൈറ്റ്സ് കൺവീനർ ഉണ്ണികൃഷ്ണൻ, പി ടി എ പ്രസിഡൻ്റ് മുജീബ് പാറപ്പുറം, എസ് എം സി ചെയർമാൻ കോയ കടവത്ത് എന്നിവർ ചേർന്ന് വിദ്യാർഥികളെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home