ഇ-റിക്ഷാ റിമോട്ട് ഷട്ട്ഡൗൺ: ആപ്പ് സ്റ്റോറുകളിൽ നിന്ന് രണ്ട് ആപ്പുകൾ നീക്കം ചെയ്തു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇ-റിക്ഷകൾ റിമോട്ട് വഴി നിർത്തിവെക്കാൻ സൗകര്യമൊരുക്കുന്ന രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തു. ഈ ആപ്പുകൾ വഴി വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുണ്ടാകുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് കേന്ദ്രസർക്കാർ കർശന നടപടി സ്വീകരിച്ചത്.
ഇ-റിക്ഷാ ഫിനാൻസിംഗ് കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില ആപ്ലിക്കേഷനുകൾ, വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ വാഹനം വിദൂരസ്ഥലത്ത് വെച്ച് തന്നെ ഓഫാക്കാൻ സൗകര്യമൊരുക്കുന്നതായി പരാതി ഉയർന്നിരുന്നു. ഹൈവേകളിലും തിരക്കേറിയ റോഡുകളിലും വാഹനം പെട്ടെന്ന് ഓഫാകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദമായ പരിശോധന നടത്തിവരികയാണ്. ഇത്തരം ആപ്പുകൾ വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടോയെന്നും, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നും കണ്ടെത്തുന്നതിനായി സാങ്കേതിക പരിശോധനകൾ ശക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കൂടുതൽ ആപ്പുകൾക്കെതിരെ വരുംദിവസങ്ങളിൽ നടപടിയുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം ഡിജിറ്റൽ ഇടപെടലുകൾ വഴി ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.










0 comments