'Kerala' ഇനി എന്നാണ് 'Keralam' ആവുക? പേരുമാറ്റത്തിന് ഇനി എത്ര നാൾ

തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ച 1956 നവംബർ ഒന്നു മുതൽ മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച പേരാണ് 'കേരളം'. എന്നാൽ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയത് 'കേരള' (Kerala) എന്നായിരുന്നു. ഔദ്യോഗിക രേഖകളിലെ ഈ വിവേചനം അവസാനിപ്പിച്ച്, എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ഒരേപോലെ 'കേരളം' (Keralam) എന്നാക്കി മാറ്റാനുള്ള നിർണായക ഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്നത്.
സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കണമെന്ന ആവശ്യം മുൻനിർത്തി 2023 ഓഗസ്റ്റ് ഒമ്പതിനാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആദ്യമായി പ്രമേയം അവതരിപ്പിച്ചത്. എന്നാൽ സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടി കേന്ദ്രം ഇത് മടക്കുകയായിരുന്നു. തുടർന്ന് 2024 ജൂൺ 24-ന് വീണ്ടും പുതുക്കിയ പ്രമേയം നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് അയച്ചു. ഇത് കഴിഞ്ഞ ഫെബ്രുവരി 24-ന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിക്കുകയും പിന്നീട് ബിൽ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു.
പൊതുവേദികളിലും ഔദ്യോഗിക ബോർഡുകളിലും ഇംഗ്ലീഷിൽ സംസ്ഥാനത്തിന്റെ പേര് എഴുതുമ്പോൾ പലർക്കും ഇപ്പോഴും വലിയ രീതിയിലുള്ള സ്പെല്ലിങ് തെറ്റുകളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ചരിത്രപരമായ പേരുമാറ്റ ചർച്ചകൾ സജീവമാകുന്നതോടെ, ഇംഗ്ലീഷിൽ ‘കേരളം’ എന്ന് എഴുതുമ്പോൾ പുലർത്തേണ്ട കൃത്യതയെക്കുറിച്ചുള്ള ചർച്ചകൾക്കും ഇപ്പോൾ വലിയ പ്രസക്തിയേറുകയാണ്.
ഇനി വരാൻ പോകുന്നത് ഒരൊറ്റ സ്പെല്ലിങ്
നിയമസഭ കരട് ബില്ലിന്മേൽ ചർച്ച പൂർത്തിയാക്കിയ ശേഷവും പേരുമാറ്റം ഔദ്യോഗികമായി പ്രാബല്യത്തിലാകാൻ ചില നിയമപരമായ ഘട്ടങ്ങൾ കൂടിയുണ്ട്. കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ അന്തിമ ശുപാർശ വാങ്ങിയ ശേഷം പാർലമെന്റിൽ പേരുമാറ്റൽ ബിൽ അവതരിപ്പിച്ച് പാസ്സാക്കണം. തുടർന്ന് ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ മാത്രമേ നടപടികൾ പൂർത്തിയാകൂ.
ഈ വിജ്ഞാപനം പുറത്തുവരുന്നതോടെ എല്ലാ സ്ഥാപനങ്ങളുടെയും പേരിലുള്ള ‘കേരള’ എന്നത് മാറി ‘കേരളം’ (KERALAM) എന്നായി മാറും. ഈ ഒരൊറ്റ ഔദ്യോഗിക സ്പെല്ലിങ് മാത്രമായിരിക്കും രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ഉപയോഗിക്കുക.











0 comments