ഡൽഹിയിൽ എക്സ്പയറി തീയതി മാറ്റിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു; ഏഴ് പേർ അറസ്റ്റിൽ

ഡൽഹിയിൽ പിടിച്ചെടുത്ത എക്സ്പയറി തീയതി കഴിഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങൾ
ന്യൂഡൽഹി: കാലഹരണപ്പെട്ട ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ തീയതി മാറ്റി വിപണിയിൽ എത്തിച്ച വൻ സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. ഓഖ്ല ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന വെസ്റ്റെൻഡ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 20 ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തത്.
സ്ഥാപനത്തിൽ ബാലവേല നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ്, എഫ്എസ്എസ്എഐ, ബദർപൂർ എസ്ഡിഎം എന്നിവർ ചേർന്ന് റെയ്ഡ് നടത്തിയത്. ബാലവേല കണ്ടെത്തിയില്ലെങ്കിലും, എക്സ്പയറി തീയതി മാറ്റി ലേബൽ ഒട്ടിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്ന വൻ റാക്കറ്റിനെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
എക്സ്പയറി തീയതി കഴിഞ്ഞതോ അല്ലെങ്കിൽ കാലാവധി തീരാറായതോ ആയ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നു. കെമിക്കൽ തിന്നറുകൾ ഉപയോഗിച്ച് യഥാർത്ഥ നിർമ്മാണ തീയതിയും എക്സ്പയറി തീയതിയും മായ്ക്കുന്നു. അത്യാധുനിക പ്രിന്റിംഗ് മെഷീനുകൾ ഉപയോഗിച്ച് പുതിയ തീയതി, ബാച്ച് നമ്പർ, എംആർപി എന്നിവ അച്ചടിക്കുന്നു.
സോഫ്റ്റ് ഡ്രിങ്കുകൾ, ഹെൽത്ത് ഡ്രിങ്കുകൾ, നൂഡിൽസ്, നെയ്യ്, ജ്യൂസുകൾ എന്നിവയാണ് പ്രധാനമായും ഇവർ പാക്ക് ചെയ്തിരുന്നത്. ഹോൾസെയിൽ വിപണികളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ പലതിലും വ്യാജമായ നിർമ്മാണ തീയതികളും ബാച്ച് നമ്പറുകളും ഉള്ളതായി എഫ്എസ്എസ്എഐ സ്ഥിരീകരിച്ചു. സ്ഥാപന ഉടമ ദർശൻ സിങ് സച്ച്‌ദേവ (70), മാനേജർ നിതേഷ് ഭരദ്വാജ്, അക്കൗണ്ടന്റ് നരേന്ദർ കുമാർ, മറ്റ് ജീവനക്കാരായ കപിൽ, ലക്കി ഓജ, പ്രേം യാദവ്, പവൻ കുമാർ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരവും ചതി, സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങളുടെ വിൽപന എന്നീ കുറ്റങ്ങൾക്കും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എഫ്എസ്എസ്എഐ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.











0 comments