ഗോസംരക്ഷണാക്രമണം: വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് വധഭീഷണി; സ്വമേധയാ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ: ഗോസംരക്ഷണത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതക കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച വനിതാ ജഡ്ജിക്ക് വധഭീഷണിയും വർഗീയ അധിക്ഷേപവും. സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
നീതിനിർവ്വഹണ സംവിധാനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് ജസ്റ്റിസ് വിവേക് അഗർവാൾ, ജസ്റ്റിസ് അവിന്ദ്ര കുമാർ സിംഗ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സെവോനി മാൽവയിൽ 2022-ൽ നടന്ന ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളായ 14 പേർക്ക് അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജി തബസ്സും ഖാൻ ജൂൺ 12-നാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
വിധിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ജഡ്ജിക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ഉയരുകയായിരുന്നു. ശിക്ഷിക്കപ്പെട്ട 14 പേരെ 10 ദിവസത്തിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തും രാജ്യത്തും 'കൂട്ടക്കൊല' നടക്കുമെന്ന് ഒരു വീഡിയോയിൽ ആൾക്കൂട്ടം ഭീഷണിപ്പെടുത്തുന്നു.
ജഡ്ജിയെ വർഗീയമായി അധിക്ഷേപിക്കുന്നതും 'അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന്' മുന്നറിയിപ്പ് നൽകുന്നതുമായ വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം, ജഡ്ജിയുടെ സുരക്ഷ കർശനമാക്കി.
അദ്ദേഹത്തിന്റെ വസതിയിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസറെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ജഡ്ജിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് നർമ്മദാപുരം എസ്പി കോടതിയെ അറിയിച്ചു.
സൈബർ സെല്ലും സെവോനി മാൽവ പോലീസും ഭീഷണികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം ഒമ്പതിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. 2022 ഓഗസ്റ്റ് മൂന്നിന്, 30-ഓളം കന്നുകാലികളെ വാഹനത്തിൽ കൊണ്ടുപോകവെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി നടത്തിയ ക്രൂരമായ മർദ്ദനത്തിലാണ് നസീർ അഹമ്മദ് കൊല്ലപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഷെയ്ഖ് ലാല അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൂന്ന് വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് 14 പ്രതികളെയും കോടതി കുറ്റക്കാരായി കണ്ട് ശിക്ഷിച്ചത്.










0 comments