അമേരിക്കയിൽ 85,000 രൂപ വിലയുള്ള മരുന്നിന് ഇന്ത്യയിലെ വില 35 രൂപ| വീഡിയോ വൈറൽ
അമേരിക്കയിൽ ഒരു ഗുളികയ്ക്ക് 85,000 രൂപ വിലയുള്ള മരുന്ന് ഇന്ത്യയിൽ വെറും 35 രൂപയ്ക്ക് ലഭ്യമാണെന്ന് കേട്ടാൽ ആർക്കും അത്ഭുതം തോന്നും. എന്നാൽ ഇത് യാഥാർഥ്യമാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കുകയാണ് 'ലിസ്' എന്ന അമേരിക്കൻ യുവതി. ഇന്ത്യയിലെയും അമേരിക്കയിലെയും ആരോഗ്യ സംരക്ഷണ ചെലവുകൾ താരതമ്യം ചെയ്ത് ലിസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കയിലെ ജനങ്ങൾ മരുന്നിന്റെ പേരിൽ ക്രൂരമായി കൊള്ളയടിക്കപ്പെടുകയാണോ എന്നാണ് ലിസ് വീഡിയോയിലൂടെ ചോദിക്കുന്നത്.
തന്റെ ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ലിസ് ഈ ഞെട്ടിക്കുന്ന വിലവ്യത്യാസം ജനങ്ങളുമായി പങ്കുവെച്ചത്. രക്താർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന 'റെവ്‌ലിമിഡ്' (Revlimid) എന്ന ബ്രാൻഡഡ് മരുന്നിന് അമേരിക്കയിൽ ഒരു ഗുളികയ്ക്ക് മാത്രം 900 ഡോളറാണ് (ഏകദേശം 75,000 രൂപ മുതൽ 85,000 രൂപ വരെ) വില. എന്നാൽ, ഇതേ മരുന്നിന്റെ ജനറിക് ബദൽ ഇന്ത്യയിൽ ലഭ്യമാകുന്നത് വെറും 35 രൂപ മുതൽ 300 രൂപ വരെയുള്ള (30 സെന്റ് മുതൽ 3 ഡോളർ വരെ) കുറഞ്ഞ നിരക്കിലാണ്.
അമേരിക്കയിലെ ആരോഗ്യ സംരക്ഷണ സംവിധാനം ജനങ്ങളെ 'കൊള്ളയടിക്കുകയാണെന്നും' എന്നാൽ ഇന്ത്യ തങ്ങളുടെ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും ലിസ് വീഡിയോയിൽ വ്യക്തമാക്കുന്നു.
ഈ ഇൻസ്റ്റാഗ്രാം വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കാണുകയും (7,72,000-ൽ അധികം വ്യൂസ്) നിരവധി പേർ ഇന്ത്യയിലെ ജനറിക് മരുന്നുകളുടെ ലഭ്യതയെയും സർക്കാർ ആശുപത്രികളിലെ സൗജന്യ കാൻസർ ചികിത്സയെയും പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. അമേരിക്കക്കാർക്ക് ഇന്ത്യയിൽ വന്ന് മരുന്ന് വാങ്ങി തിരിച്ചുപോയാൽ പോലും പണം ലാഭിക്കാമെന്നാണ് ചിലരുടെ കമന്റ്.
ലിസിനെ കൂടാതെ 'വിക്ടോറിയ' എന്ന മറ്റൊരു അമേരിക്കൻ യുവതിയും യുഎസ് ആരോഗ്യരംഗത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ അമേരിക്കയിൽ 1,000 ഡോളർ വിലവരുന്ന മരുന്ന് ഒരു ഇന്ത്യൻ നിർമ്മാതാവിൽ നിന്ന് നേരിട്ട് വെറും 25 ഡോളറിനാണ് അവർ വാങ്ങിയത്. യുഎസ് ഹെൽത്ത് കെയർ സിസ്റ്റം ഒരു "തട്ടിപ്പ്" ആണെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.












0 comments