ആലപ്പുഴയിൽ മുണ്ടിനീര് വ്യാപനം; സ്വകാര്യ സ്കൂൾ അടച്ചു, ഓൺലൈൻ ക്ലാസുകൾക്ക് നിർദേശം

ആലപ്പുഴ: സ്‌കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, ആലപ്പുഴ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി.
ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, രോഗത്തിന്റെ ഇൻകുബേഷൻ കാലയളവായ 21 ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ മുൻകാലപ്രാബല്യത്തോടെയാണ് അവധി നിലവിൽ വരിക. അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്.
5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെവിയുടെ താഴെ കവിളിൽ വീക്കം (മുഖത്തിന്റെ ഒരു വശത്തോ ഇരുവശത്തോ), ചെറിയ പനി, തലവേദന, വായ തുറക്കുന്നതിനും, ഭക്ഷണം ചവയ്ക്കുന്നതിനും, വെള്ളമിറക്കുന്നതിനും പ്രയാസം, വിശപ്പില്ലായ്മയും ക്ഷീണവും എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗബാധിതരുടെ ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗം പകരുന്നത്.
രോഗം പൂർണ്ണമായി മാറുന്നതുവരെ കുട്ടികൾ വീട്ടിൽ തന്നെ വിശ്രമിക്കണം. രോഗികളുമായി സമ്പർക്കം ഒഴിവാക്കുകയും അവർ ഉപയോഗിക്കുന്ന വസ്തുക്കൾ അണുവിമുക്തമാക്കുകയും ചെയ്യുക. കുട്ടികൾക്ക് 16 മുതൽ 24 വരെ മാസത്തിനിടയിൽ നൽകുന്ന എംഎംആർ വാക്സിൻ ഈ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.











0 comments