ad
Deshabhimani

സഞ്ജുവിനെ പിന്തുണയ്ക്കണം; 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പ്രകടനം മറക്കരുത്: ദിനേഷ് കാർത്തിക്

sanju

സഞ്ജു സാംസൺ (ഇടത്) ദിനേശ് കാർത്തിക് (വലത്)| Photo:ICC/Getty Images

വെബ് ഡെസ്ക്

Published on Jul 03, 2026, 05:15 PM | 1 min read

തിരുവനന്തപുരം : അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലും റൺസ് കണ്ടെത്താനാകാതെ മലയാളി താരം സഞ്ജു സാംസൺ വലിയ സമ്മർദ്ദത്തിലാണെന്ന് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. ഇക്കൊല്ലം നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സഞ്ജു, ഐപിഎൽ 2026 സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, അതിനുശേഷമുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ ഫോമില്ലായ്മ താരത്തിന് തിരിച്ചടിയാവുകയാണ്.


അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ 5, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി20 മത്സരത്തിലും ഒരു റൺസ് മാത്രമെടുത്ത് താരം പുറത്തായി. യുവ താരം വൈഭവ് സൂര്യവംശി ടീമിൽ അവസരം കാത്തുനിൽക്കുന്ന സാഹചര്യത്തിൽ, സഞ്ജുവിന്റെ ഈ ഫോമില്ലായ്മ ടീമിലെ സ്ഥാനത്തിന് തന്നെ ഭീഷണിയായേക്കാം.


എങ്കിലും സഞ്ജുവിനെ പൂർണ്ണമായി പിന്തുണയ്ക്കണമെന്നാണ് ദിനേഷ് കാർത്തിക് വ്യക്തമാക്കുന്നത്. ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പ്രകടനം ആരാധകർ മറക്കരുതെന്ന് കാർത്തിക് ഓർമ്മിപ്പിച്ചു. സഞ്ജു സാംസൺ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ പരാജയപ്പെട്ടതോടെ വൈഭവ് സൂര്യവംശിയെ ടീമിലെടുക്കണമെന്ന ആവശ്യങ്ങൾ ശക്തമായിക്കഴിഞ്ഞു. വൈഭവ് എപ്പോൾ കളിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.


എങ്കിലും സഞ്ജുവിനെ നമ്മൾ പിന്തുണയ്ക്കണം. ഏതാനും മാസങ്ങൾക്ക് മുൻപ് ലോകകപ്പിൽ വലിയ സമ്മർദ്ദഘട്ടത്തിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരനാണ് അദ്ദേഹം. നിലവിൽ സഞ്ജു വലിയ സമ്മർദ്ദത്തിലാണ്, ക്രിക്ബസ്സിൽ സംസാരിക്കവെ കാർത്തിക് പറഞ്ഞു.


അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സൂര്യവംശി ഉണ്ടായിരുന്നെങ്കിലും അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു ഓപ്പണറായി തുടർന്നതിനാൽ വൈഭവിന് അവസരം ലഭിച്ചിരുന്നില്ല. സൂര്യവംശി അസാധ്യ പ്രതിഭയുള്ള കളിക്കാരനാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങുമെന്നും വ്യക്തമാക്കിയ കാർത്തിക്, എന്നാൽ ഇന്ത്യൻ പ്ലേയിങ് ഇലവനിലെ സ്ഥാനം താരം കഠിനാധ്വാനത്തിലൂടെ നേടിയെടുക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home