ഇന്ത്യൻ ഡോറി; അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യത്തെ തിരിച്ചറിഞ്ഞു, സൂചന ഫിഷിംഗ് ഹാർബറിലെ തൊഴിലാളികളിൽ നിന്ന്

കൊച്ചി: കേരള തീരത്തോട് ചേർന്നുള്ള അറബിക്കടലിൽ നിന്ന് പുതിയൊരു ആഴക്കടൽ മത്സ്യത്തെ തിരിച്ചറിഞ്ഞ് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ. 'സിറ്റോപ്സിസ് ഇൻഡിക്ക' (Cyttopsis indica) എന്ന ശാസ്ത്ര നാമത്തിൽ വേര്‍തിരിച്ച് അറിയപ്പെടുന്നതാണ്. 'ഇന്ത്യൻ ഡോറി' എന്നാണ് പൊതുവായ പേര് നൽകിയിരിക്കുന്നത്.
ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗങ്ങളിൽ, സമുദ്രനിരപ്പിൽ നിന്ന് 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള പ്രദേശത്താണ് ഈ പുതിയ മത്സ്യവർഗ്ഗത്തെ കണ്ടെത്തിയത്. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞനായ ഡോ. രതീഷ് കുമാർ ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.
കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിൽ എത്തിയ ആഴക്കടൽ ട്രോളിംഗ് ബോട്ടുകളിൽ നിന്നാണ് പഠനത്തിനാവശ്യമായ ആറ് മത്സ്യങ്ങളെ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. ഇതിന് പിന്നാലയാണ് ഗവേഷണം പുരോഗമിച്ചത്.

പരമ്പരാഗത ടാക്സോണമിക് വർഗ്ഗീകരണ രീതികളും ആധുനിക ഡിഎൻഎ പരിശോധനയും സംയോജിപ്പിച്ചാണ് ഇത് പുതിയൊരു മത്സ്യവർഗ്ഗമാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്.
ഈ കണ്ടെത്തലുമായി ബന്ധപ്പെട്ട വിശദമായ പഠനം 'ഇന്ത്യൻ ജേണൽ ഓഫ് ഫിഷറീസിന്റെ' (Indian Journal of Fisheries) ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അജ്ഞാതമായി തുടരുന്ന ആഴക്കടൽ ജീവജാലങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ വലിയൊരു നാഴികക്കല്ലാണ്.
"ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള അറബിക്കടലിലെ ആഴക്കടലിൽ ഇനിയും കണ്ടെത്താത്ത നിരവധി സമുദ്രജീവികൾ ഉണ്ടെന്നതിന്റെ തെളിവാണ് ഈ പുതിയ കണ്ടെത്തൽ." — എന്ന് സിഎംഎഫ്ആർഐ പ്രതികരിച്ചു.











0 comments