ad
Deshabhimani

'കോച്ചിംഗ് രാജ്', 'ഡമ്മി സ്‌കൂൾ' സമ്പ്രദായം അവസാനിപ്പിക്കണം: സുപ്രീംകോടതിയിൽ ഹർജി

Coaching center.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 03, 2026, 04:55 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ഗ്രസിച്ചിരിക്കുന്ന 'കോച്ചിംഗ് രാജ്', 'ഡമ്മി സ്‌കൂൾ' സംസ്കാരത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ഇത്തരം സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും തുല്യ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.


പണം നൽകി പ്രവേശനം നേടുന്ന സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളും ഡമ്മി സ്കൂളുകളും ചേർന്ന് നടത്തുന്ന ഈ സമാന്തര വിദ്യാഭ്യാസ രീതി അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നിയന്ത്രണമില്ലാത്ത, ഫീസിനെ അടിസ്ഥാനമാക്കിയുള്ള സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളുടെ ആധിപത്യം തകർക്കണം.


ജെഇഇ, നീറ്റ്, ക്ലാറ്റ്, സിയുഇടി തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകളുടെ പാഠ്യപദ്ധതിയും പരീക്ഷാ രീതിയും അതത് സംസ്ഥാനങ്ങൾ നിശ്ചയിക്കുന്ന സ്കൂൾ പാഠ്യപദ്ധതിയുമായി യോജിപ്പിക്കണം. നിലവിലെ സമ്പ്രദായം വിദ്യാർത്ഥികൾക്കിടയിൽ വലിയൊരു വിടവ് സൃഷ്ടിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.


സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർക്ക് മികച്ച കോച്ചിംഗ് സൗകര്യങ്ങൾ ലഭിക്കുമ്പോൾ, സാധാരണ സ്കൂളുകളിൽ പഠിക്കുന്നവർക്ക് ഇത്തരം പരീക്ഷകളിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഔദ്യോഗികമായി സ്കൂളുകളിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം കുട്ടികൾ ക്ലാസുകളിൽ ഹാജരാകാതെ കോച്ചിംഗ് സെന്ററുകളിൽ 14-16 മണിക്കൂർ വരെ ചിലവഴിക്കുന്ന അവസ്ഥയാണ് ഡമ്മി സ്കൂളുകളിലൂടെ ഉണ്ടാകുന്നത്.


ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി, സിബിഎസ്ഇ, എൻസിഇആർടി, നാഷണൽ മെഡിക്കൽ കമ്മീഷൻ, ഐഐടി കൗൺസിൽ തുടങ്ങിയവയെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സ്വകാര്യ കോച്ചിംഗ് ലോബികളുടെ ഇടപെടലുകൾ തടയുന്നതിൽ സർക്കാർ ഏജൻസികൾ വരുത്തിയ വീഴ്ചകളും ഹർജിയിൽ ഉന്നയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home