ad
Deshabhimani

ഉച്ചഭക്ഷണം കടലാസിൽ, കുടിക്കാൻ വെള്ളമില്ല; ഉത്തര്‍ പ്രദേശിൽ സ്കൂൾ വിദ്യാര്‍ഥികളുടെ കൂറ്റൻ പ്രതിഷേധം

UP Students
വെബ് ഡെസ്ക്

Published on Jul 29, 2026, 12:09 PM | 2 min read

ലഖ്‌നൗ: ജന്തര്‍മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിൽ നിന്ന് ഊര്‍ജം ഉൾക്കൊണ്ട് സര്‍ക്കാര്‍ അവഗണനയിലെ അമര്‍ഷം പരസ്യമാക്കി ഉത്തര്‍ പ്രദേശിലെ സ്കൂൾ വിദ്യാര്‍ഥികൾ. വിദ്യാലയത്തിലെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഒത്തുകൂടിയ വിദ്യാർഥികൾ കൂറ്റൻ പ്രതിഷേധ മാർച്ച് നടത്തി.


ഫത്തേപ്പൂർ ജില്ലയിലെ കിഷൻപൂർ ടൗണിൽ പ്രവര്‍ത്തിക്കുന്ന ഗവൺമെന്റ് എയ്ഡഡ് സ്കൂളായ സർവോദയ ഇന്റർ കോളേജിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ക്ലാസുകൾ ബഹിഷ്കരിച്ച് തെരുവിലിറങ്ങിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും വാഗ്ദാനം ചെയ്ത ഉച്ചഭക്ഷണത്തിലെ വെട്ടിപ്പും പരസ്യമാക്കിയാണ് പ്രതിഷേധം.


ഏകദേശം 1,800-ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് ഇത്. ബി ആർ അംബേദ്കറുടെ ചിത്രങ്ങളും "കോളേജിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൂ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കൂ" എന്നെഴുതിയ പ്ലക്കാർഡുകളും ഏന്തിയാണ് പ്രദേശത്ത് മാർച്ച് നടത്തിയത്. ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ അശ്രദ്ധയ്ക്ക് എതിരായ ഷോക്കായി.


ഉച്ചഭക്ഷണം നൽകുന്നുണ്ടെങ്കിലും അത് പഴയ രീതിയിൽ തന്നെ തുടരുകയായിരുന്നു. സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർദ്ദിഷ്ട മെനു പ്രകാരമുള്ള ഉച്ചഭക്ഷണം ഇപ്പോഴും വാഗ്ദാനത്തിൽ തന്നെയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മെനു സ്കൂളുകളിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്ന് അഭിഷേക് സോങ്കർ എന്ന വിദ്യാർഥി പറഞ്ഞു. വിദ്യാലയത്തിൽ കുടിക്കാൻ ആവശ്യത്തിന് വെള്ളമോ ക്ലാസ് മുറികളിൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.


അസൗകര്യങ്ങൾ ചൂണ്ടികാട്ടിയുള്ള പ്രതിഷേധം ശക്തമായതോടെ ക്രമസമാധാന പാലനത്തിനായി സ്കൂൾ അധികൃതർ പൊലീസിനെ വിളിച്ചു. പിരഞ്ഞു പോകാനും റോഡിൽ നിന്നുമാറാനും ആവശ്യപ്പെട്ട് വൻ പൊലീസ് സംഘം നിരന്നിട്ടും പ്രകടനം തുടർന്നു. ജന്തര്‍മന്തര്‍ സമരത്തിൽ അനുഭാവം പ്രകടിപ്പിച്ച് നേരത്തെ ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രകടനം നടത്തിയിരുന്നു.


ആസാദ് സമാജ് പാർട്ടി (കാന്ഷി റാം) അധ്യക്ഷനും നഗീന മണ്ഡലത്തിലെ എം പിയുമായ ചന്ദ്രശേഖർ ആസാദും ആം ആദ്മി പാർട്ടിയുടെ ഓൺലൈൻ ഹാൻഡിലുകളും പ്രതിഷേധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിദ്യാര്‍ഥി അമര്‍ഷം ശ്രദ്ധനേടിയത്. പൊലീസിനെ കാണിച്ച് കുട്ടികളെ പിരിച്ചു വിടാനുള്ള ശ്രമമായിരുന്നു ആദ്യം നടത്തിയത്. വാര്‍ത്ത പരന്നതോടെ അനുരഞ്ജന ശ്രമമായി.


ഓരോ ക്ലാസ് മുറിയിലും നാല് ഫാനുകൾ, വാട്ടർ കൂളർ, നിർദ്ദിഷ്ട മെനു പ്രകാരമുള്ള ഭക്ഷണം എന്നിവ ഉടനടി ഉറപ്പാക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് പ്രിൻസിപ്പാൾ സമ്മതിച്ചതോടെ മാത്രമാണ് കുട്ടികൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home