ആറാം ക്ലാസ് വിദ്യാർഥിനിയോട് മോശമായി പെരുമാറി; യുപിയിൽ സ്കൂൾ അധ്യാപകന് സസ്‌പെൻഷൻ

പ്രതീകാത്മക ചിത്രം
ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സർക്കാർ സ്കൂളിലെ 50 കാരനായ അധ്യാപകനെ ആറാം ക്ലാസ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
രക്ഷിതാക്കളും നാട്ടുകാരും ചൊവ്വാഴ്ച സ്കൂളിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി. അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി മുതൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ ബേസിക് ശിക്ഷാ ഓഫീസർ മനീഷ് കുമാർ സിങ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അധ്യാപകൻ വിദ്യാർഥിനിയോട് സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് കൊണ്ടുപോയി മോശമായി പെരുമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
വിദ്യാർഥികളുടെ മൊഴി പ്രകാരം, ദിവസവും പെൺകുട്ടിയെ ഒറ്റയ്ക്ക് വിളിച്ചുകൊണ്ടുപോകുകയും എതിർത്താൽ സ്കൂൾ രജിസ്റ്ററിൽ നിന്ന് പേര് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്.
അധ്യാപകന്റെ പെരുമാറ്റം മറ്റ് ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം അവരുമായി തർക്കിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സ്കൂളിന്റെ ചുമതലയുള്ള പ്രധാനാധ്യാപകനും മറ്റ് അധ്യാപകരും രക്ഷിതാക്കളും അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു..
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെയും പൊതുജന പ്രതിഷേധത്തിന്റെയും അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്നും, സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്










0 comments