ad
Deshabhimani

ജപ്പാൻ ഭൂകമ്പം; മരണസംഖ്യ 13; രക്ഷാപ്രവർത്തനം തുടരുന്നു

japan earthquake

ഭൂകമ്പത്തിൽ തകർന്ന കഷിമയിലെ ഇയോൺ മാൾ. photo credit: AFP

വെബ് ഡെസ്ക്

Published on Jul 29, 2026, 12:44 PM | 2 min read

ടോക്കിയോ : ജപ്പാനെ വിറപ്പിച്ച ഭൂകമ്പത്തിൽ 13 മരണം. തെക്കുപടിഞ്ഞാറൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്നും ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി അറിയിച്ചു. തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 900 കിലോമീറ്റർ അകലെയാണ് കുമാമോട്ടോ.


തെക്കൻ ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ പ്രദേശത്താണ് ചൊവ്വ പകൽ 7,1 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പമുണ്ടായത്. ഭൂചലനത്തിൽ വീടുകളും കെട്ടിടങ്ങളും സാരമായി തകർന്നു. പൂർണമായി തകർന്ന ഷോപ്പിങ് മാളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി സൈനികർ തെരച്ചിൽ നടത്തുകയാണ്. ജപ്പാന്റെ സ്വയം പ്രതികരണ സേനയും രക്ഷാപ്രവർത്തനത്തിലുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങളിലുള്ളവർക്ക് വെള്ളവും ഭക്ഷണവും അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. യാറ്റ്സുഷിരോ സിറ്റിയിലെ ആശുപത്രിയിൽ 40 പേരും കുമാമോട്ടോയിലെ മറ്റൊരു ആശുപത്രിയിൽ 50 പേരും പരിക്കുകളോടെ ചികിത്സയിലുണ്ടെന്ന് അധിക‍ൃതർ പറഞ്ഞു.


ഭൂകമ്പത്തിൽ തകർന്ന കഷിമ ടൗണിലെ ഇയോൺ മാളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കുമാമോട്ടോ അ​ഗ്നിരക്ഷാസേന വ്യക്തമാക്കി. ഭൂകമ്പത്തിൽ തകർന്നതിനുപിന്നാലെ വാതക ചോർച്ചയെത്തുടർന്ന് മാളിൽ സ്ഫോടനമുണ്ടായതായും അധികൃതർ പറയുന്നു. എത്ര പേർ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ല.


36,900 വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. 9,500 വീടുകളിൽ ​ഗ്യാസ് അടക്കമുള്ള സേവനങ്ങളും ആശയവിനിമയ സംവിധാനങ്ങളും തടസപ്പെട്ടതായി സർക്കാർ വക്താവ് മിനോരു കിഹാര പറഞ്ഞു. 500 ഷെൽട്ടറുകളിലായി 9,000 പേർ താമസിക്കുന്നുണ്ട്. ഉഷ്ണതരം​ഗത്തിൽ വലയുന്നതിനിടെയാണ് ജപ്പാനിൽ ഭൂകമ്പവും നാശം വിതച്ചത്.


നിപ്പോൺ പേപ്പർ ഇൻഡസ്ട്രീസ് കമ്പനിയുടെ യാത്സുഷിറോ ഫാക്ടറിയിൽ ചിമ്മിനി തകർന്നുവീണ് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കുമാമോട്ടോ അടിയന്തര പ്രതികരണ സംഘം പറഞ്ഞു. ഏഴ് പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രണ്ട് പേർ രക്ഷപ്പെട്ടതായും രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.


ഭൂചലനത്തെത്തുടർന്ന് അതിവേഗ ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ നിർത്തിവച്ചു. യത്സുഷിരോ സ്റ്റേഷനിൽ ഒരു ട്രെയിൻ പാളം തെറ്റി. ഒരു റൺവേ മാത്രം അടച്ചിട്ടുകൊണ്ട് അസോ കുമാമോട്ടോ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ ചില സർവീസുകൾ റദ്ദാക്കി.


കുമാമോട്ടോയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കുമാമോട്ടോ കൊട്ടാരത്തിന്റെ കൽഭിത്തികൾ ഭൂചലനത്തിൽ തകർന്നു. 2016ലെ ഭൂകമ്പത്തിൽ സാരമായി തകർന്ന കെട്ടിടത്തിൽ പുനരുദ്ധാരണ പ്രവർത്തികൾ തുടരുന്നതിനിടെയാണ് വീണ്ടും തകർന്നത്. 2016ലുണ്ടായ ഭൂകമ്പത്തിൽ കുമാമോട്ടോയിൽ 50 പേരാണ് മരിച്ചത്.


തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയി അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home