ad
Deshabhimani

ജന്തർ മന്തറിൽ കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് കസ്റ്റഡിയിലുണ്ടായിരുന്നത്; സമ്മതിച്ച് ഡൽഹി പൊലീസ്

lorry

ജന്തർ മന്തറില്‍ പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക്

വെബ് ഡെസ്ക്

Published on Jul 29, 2026, 01:30 PM | 2 min read

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് കസ്റ്റഡിയിലുണ്ടായിരുന്നതെന്ന് തുറന്നുസമ്മതിച്ച് ഡൽഹി പൊലീസ്. ജന്തർ മന്തറിൽ യുവജന പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകൾ നിറച്ച ട്രക്ക് നിർത്തിയിട്ടിരുന്നതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.


നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിനെതിരെ യുവജന വിദ്യാർഥികൾ നടത്തിയ സമാധാനപരമായ പ്രതിഷേധം തകർക്കുന്നത് ലക്ഷ്യമിട്ട്, പൊലീസിന്റെ ഭാഗത്തുനിന്നുള്ള ആസൂത്രിത നീക്കമാണെന്ന് അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. സമാധാനപരമായ പ്രതിഷേധം തകർക്കാനും വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കാനുമുള്ള പൊലീസിന്റെ ആസൂത്രിത നീക്കമാണിതെന്നായിരുന്നു വിദ്യാര്‍ഥികള്‍ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയത്.


ജൂലൈ 20-ന് നടന്ന 'ചലോ സൻസദ്' മാർച്ചിന് തൊട്ടുമുൻപ് ജന്തർ മന്തറിന് സമീപവും പിന്നീട് റൈസിന റോഡിലും കല്ലുകളുമായി ഒരു ട്രക്ക് പാർക്ക് ചെയ്തിരിക്കുന്നത് കാണപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധത്തിന് നാലു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത ട്രക്കാണെന്ന് പൊലീസ് വ്യക്തമാക്കി. ആറു പേർക്ക് പരിക്കേൽക്കാൻ ഇടയായ അപകടത്തിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതാണ് ഈ വാഹനമെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. ന്യൂഡൽഹി ഡിസിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.




സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ അക്രമം അഴിച്ചുവിടാനോ അല്ലെങ്കിൽ അവരെ കേസിൽപ്പെടുത്താനോ പൊലീസ് മനഃപൂർവ്വം കല്ലുകൾ എത്തിച്ചതാണെന്ന രീതിയിൽ രാഷ്ട്രീയ പാർടി നേതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോ സഹിതം ആരോപണം ഉന്നയിച്ചു.


HR63 E 6865 നമ്പർ ട്രക്ക് ജൂലൈ 16-ന് ഡൽഹിയിലെ ഫിറോസ് ഷാ റോഡ്-കസ്തൂർബ ഗാന്ധി മാർഗ് ക്രോസിംഗിൽ വെച്ച് ഒരു മാരുതി വാനുമായി കൂട്ടിയിടിച്ച അപകടത്തിൽപ്പെട്ടതായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് പിടിച്ചെടുത്തതായിരുന്നു ഈ വാഹനം.


പൊലീസ് സ്റ്റേഷനിലെ സ്ഥലപരിമിതി കാരണം ഇത് ആദ്യം സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരുന്നതെന്നും പിന്നീട് 'ചലോ സൻസദ്' മാർച്ചിന്റെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി വാഹന ഉടമയ്ക്ക് ട്രക്കിലെ കല്ലുകൾ ഒഴുവാക്കി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിരുന്നുമെന്നുമാണ് ഡൽഹി പൊലീസിന്റെ വാദം. പ്രതിഷേധക്കാരുമായി ഈ വാഹനത്തിനോ അതിലുണ്ടായിരുന്ന കല്ലുകൾക്കോ യാതൊരുവിധ ബന്ധവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home