ad
Deshabhimani

രമേശൻ പാലേരിയ്ക്ക് വിടനൽകി ജന്മനാട്; അന്ത്യോപചാരമർപ്പിച്ച് ആയിരങ്ങൾ

Pinarayi Vijaayan pays tribute to Ramesh Paleri

രമേശൻ പാലേരിക്ക് പ്രതിപക്ഷനേതാവ് പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 29, 2026, 01:01 PM | 2 min read

വടകര: സഹകരണ-–നിർമാണ മേഖലയിൽ വിസ്‌മയങ്ങൾ സൃഷ്‌ടിച്ച്‌ ആഗോള ശ്രദ്ധയാകർഷിച്ച ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ–ഓപ്പറേറ്റീവ്‌ സൊസൈറ്റി (യുഎൽസിസിഎസ്‌) യുടെ ചെയർമാൻ രമേശൻ പാലേരി (66)യ്ക്ക് നാട് വിടനൽകി. ബുധൻ പകൽ 11ന്‌ നാദാപുരം റോഡിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനത്തെ ഉന്നതതലങ്ങളിലേക്ക് ഉയർത്തിയ സഹകാരിയെ ഒരു നോക്കുകാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.


പ്രതിപക്ഷനേതാവ് പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം ഡോ.ടി എം തോമസ് ഐസക്, മുതിർന്ന നേതാവ് എ കെ ബാലൻ, കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ, നടി രേവതി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപെട്ട നിരവധിപേരെത്തി. സൊസൈറ്റി പരിസരത്ത് അനുശോചനയോ​ഗം ചേരും.


Massive Gathering Rameshan paleri രമേശൻ പാലേരിക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാനായി വടകര മടപ്പള്ളിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയ ജനം | PHOTO: മിഥുൻ അനില മിത്രൻ


കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചൊവ്വ രാവിലെയായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചൊവ്വ വൈകിട്ട്‌ അഞ്ചരയോടെ മൃതദേഹം അദ്ദേഹം പടുത്തുയർത്തിയ തൊഴിലാളികൾ ഉടമസ്ഥരായ ലോകത്തെ ഏക ഐടി പാർക്കായ യു‌എൽ സൈബർപാർക്കിൽ പൊതുദർശനത്തിന്‌ എത്തിച്ചു. അന്ത്യോപചാരം അർപ്പിക്കാൻ നിരവധിപേരാണ്‌ സൈബർ പാർക്കിലെത്തിയത്‌. സമയം ഏറെ വൈകിയെങ്കിലും ആളുകൾ കാത്തിരുന്നു. പിന്നീട് ട‍ൗൺഹാളിലേക്കും രാത്രി എട്ടോടെ വടകരയിലേക്കും മൃതദേഹം കൊണ്ടുപോയി.


കൂലിവേലക്കാരുടെ സംഘമായ ഉ‍ൗരാളുങ്കൽ സൊസൈറ്റിയെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായി വളർത്തുന്നതിൽ രമേശൻ പാലേരി നിർണായക പങ്കുവഹിച്ചു. 1995 മുതൽ യുഎൽസിസിഎസ്‌ ചെയർമാനാണ്‌. 1985ൽ ഓവർസിയറായി ജോലിയിൽ പ്രവേശിച്ചു. രമേശന്റെ നേതൃത്വത്തിലാണ്‌ ദേശീയപാത നിർമാണംമുതൽ സഹകരണ ഐടി പാർക്ക്‌ വരെയുള്ള നേട്ടങ്ങൾ ഉ‍ൗരാളുങ്കൽ സ്വന്തമാക്കിയത്‌. സഹകരണ മേഖലയിലെ ആദ്യ ഐടി പാർക്കായ കോഴിക്കോട്‌ തൊണ്ടയാട്ടെ യുഎൽസിസിഎസ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ, ഇരിങ്ങലിലെ സർഗാലയ, കോവളത്തെ ക്രാഫ്‌റ്റ്‌ വില്ലേജ്‌, ചവറയിലെ നൈപുണ്യ വികസന പരിശീലന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ തുടങ്ങി വൈവിധ്യമാർന്ന സഹകരണ സംരംഭങ്ങൾക്ക്‌ തുടക്കമിട്ടു. 2024-ൽ മികച്ച സഹകാരിക്കുള്ള കേരള സർക്കാരിന്റെ ആദ്യ റോബർട്ട് ഓവൻ അവാർഡ് ഫോർ ബെസ്റ്റ് കോ- ഓപ്പറേറ്റീവ് ലീഡർ പുരസ്‌കാരം നേടി. തൊഴിൽ സഹകരണ ക‍ൗൺസിൽ ദേശീയ ഉപദേശക സമിതി അംഗം, നാഷണൽ ലേബർ കോൺട്രാക്‌ട്‌ കോ–ഓപ്പറേറ്റീവ്‌ ഫ‍ൗണ്ടേഷൻ ഡയറക്‌ടർ, സംസ്ഥാന ആസൂത്രണബോർഡ്‌ സഹകരണ ഉപസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home