ഹോം സെക്രട്ടറിയുടെ ഓഫീസിനെതിരെ വിമർശനം
യു പി പൊലീസിന്റെ കൂറ് രാഷ്ട്രീയ നേതൃത്വത്തോടോ, ഭരണഘടനാ അവകാശങ്ങളോടോ; വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ ക്രമസമാധാന പാലനത്തിന്റെ പേരിൽ നടക്കുന്ന പൊലീസ് അതിക്രമങ്ങൾക്കും രാഷ്ട്രീയ പ്രീണനത്തിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അലഹാബാദ് ഹൈക്കോടതി വീണ്ടും. ഒരു സിവിൽ തർക്കത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കെതിരെ ചുമത്തിയ 'ഉത്തർപ്രദേശ് ഗാങ്സ്റ്റർ ആൻഡ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, 1986' പ്രകാരമുള്ള കേസുകൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വിനോദ് ദിവാകർ അധ്യക്ഷനായ ബെഞ്ച് സംസ്ഥാന പൊലീസിന് കടുത്ത താക്കീത് നൽകിയത്.
വ്യക്തിപരമായ താല്പര്യങ്ങൾക്കും രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടി ഗാങ്സ്റ്റർ നിയമം ദുരുപയോഗം ചെയ്യുകയാണ്. ഒരു നിയമ ബാധ്യതയും ഇല്ലാതെ നിര്‍ബാധം തുടരുന്ന വ്യാജ ഏറ്റുമുട്ടലുകളും കോടതിയുടെ കടുത്ത നിരീക്ഷണത്തിന് വിധേയമായി. ഇതോടൊപ്പം സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവിത്വത്തെയും പൊലീസ് സംസ്കാരത്തെയും കോടതി രൂക്ഷമായി വിമർശിച്ചു.
ലളിതാ ത്യാഗിയുടെ അറസ്റ്റ്
35 വയസ്സുകാരിയായ ലളിതാ ത്യാഗി എന്ന വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ കോടതി ചൂണ്ടികാണിച്ചു. കുറ്റപത്രത്തിൽ ഇവർക്കെതിരെ യാതൊരുവിധ തെളിവുകളും ഇല്ലാതിരുന്നിട്ടും, ഗാങ്സ്റ്റർ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് 80 ദിവസത്തോളമാണ് ഈ വീട്ടമ്മയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നത്.
ഈ അറസ്റ്റ് തികച്ചും നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവുമാണെന്ന് കോടതി നിരീക്ഷിച്ചു. ചതി, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തെന്ന ആരോപണം നിലനിൽക്കുന്ന കേസാണ്. എന്നാൽ പോലും, അതൊരിക്കലും ഒരു സംഘടിത കുറ്റകൃത്യ സംഘം നടത്തുന്ന രീതിയിലുള്ളതല്ലെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടികാട്ടി. ഗാങ്സ്റ്റർ ആക്ടിലെ സെക്ഷൻ 2(b) പ്രകാരമുള്ള യാതൊരു വ്യവസ്ഥകളും ഈ കേസിൽ നിലനിൽക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ വിധേയത്വം
'ട്രാൻസ്ഫർ-പോസ്റ്റിംഗ്' മാഫിയ
സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവിത്വത്തെയും പൊലീസ് സംസ്കാരത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. പൊലീസുകാരുടെ വിശ്വസ്തത ഭരണഘടനയോടല്ല, മറിച്ച് ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തോടാണെന്ന് ജസ്റ്റിസ് വിനോദ് ദിവാകർ നിരീക്ഷിച്ചു.
"സ്ഥലംമാറ്റങ്ങളും പ്രമോഷനുകളും നിയന്ത്രിക്കുന്ന രാഷ്ട്രീയ ലോബിയെ തൃപ്തിപ്പെടുത്താനാണ് ഫീൽഡ് ഓഫീസർമാർ ശ്രമിക്കുന്നത്. തങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന വ്യക്തികളെ ഒതുക്കാൻ ഗാങ്സ്റ്റർ നിയമം പോലുള്ള കരിനിയമങ്ങൾ ഉദ്യോഗസ്ഥർ ആയുധമാക്കുന്ന കാഴ്ചയാണ്." - അലഹാബാദ് ഹൈക്കോടതി
യഥാർത്ഥ അധോലോക നായകന്മാരും സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റുകളും യഥേഷ്ടം വിഹരിക്കുമ്പോൾ, തെരുവ് ഗുണ്ടകൾക്കും നിസ്സാര കുറ്റവാളികൾക്കും എതിരെയാണ് ഇത്തരം കടുത്ത നിയമങ്ങൾ പ്രയോഗിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിക്രു കൂട്ടക്കൊലയും
ഇരട്ടത്താപ്പും
പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന അനാവശ്യമായ സംരക്ഷണത്തെ തുറന്നുകാട്ടാൻ 2020-ൽ നടന്ന കുപ്രസിദ്ധമായ 'ബിക്രു കൂട്ടക്കൊല' കേസ് കോടതി പരാമർശിച്ചു. ഗുണ്ടാനേതാവ് വികാസ് ദുബെയും സംഘവും ചേർന്ന് ഡെപ്യൂട്ടി എസ്പി ഉൾപ്പെടെ 8 പൊലീസുകാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമായിരുന്നു അത്.
ഈ കേസിൽ വികാസ് ദുബെയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്, വകുപ്പുതല അന്വേഷണത്തിനൊടുവിൽ വെറുമൊരു "ഔദ്യോഗിക മുന്നറിയിപ്പ്" മാത്രമാണ് ശിക്ഷയായി നൽകിയത്. ഇത്രയും ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് ഇത്രയും ലഘുവായ ശിക്ഷ നൽകിയ ഭരണസംവിധാനത്തിന്റെ നടപടിയെ കോടതി ശക്തമായി അപലപിച്ചു. ഇത്തരം സംരക്ഷണം ഉദ്യോഗസ്ഥരെ കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നുവെന്ന് കോടതി പറഞ്ഞു.
ഹോം സെക്രട്ടറിയുടെ ഓഫീസിനെതിരെ വിമർശനം
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ ഹോം സെക്രട്ടറിയുടെ പങ്കിനെക്കുറിച്ചും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഹോം സെക്രട്ടറി പദവി പലപ്പോഴും രാഷ്ട്രീയവും വ്യക്തിപരവുമായ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള ഒരു മാധ്യമമായി മാറുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണസംവിധാനം നിയമത്തോടും ഭരണഘടനയോടും മാത്രമായിരിക്കണം മറുപടി പറയേണ്ടത്, അല്ലാതെ ഭരണകക്ഷിയോടല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.
'ഹാഫ് എൻകൗണ്ടർ'
സംസ്കാരത്തിന് തടയിടണം
നേരത്തെ മറ്റൊരു ഹൈക്കോടതി ബെഞ്ച് യുപി പൊലീസിന്റെ 'ഹാഫ് എൻകൗണ്ടർ' രീതിയെയും (പ്രതികളുടെ കാലിന് താഴെ വെടിവെച്ച് പരിക്കേൽപ്പിക്കുന്ന രീതിയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാനും, സമയത്തിന് മുൻപുള്ള പ്രമോഷനുകൾക്കും ഗാലന്ററി അവാർഡുകൾക്കുമായി പൊലീസുകാർ മനഃപൂർവ്വം പ്രതികളെ വെടിവെച്ച് പരിക്കേൽപ്പിക്കുകയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഏറ്റുമുട്ടലുകൾ നടന്ന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റങ്ങളോ അവാർഡുകളോ നൽകരുതെന്ന കർശന നിർദ്ദേശവും കോടതി ആവർത്തിച്ചു. കേസ് ഡയറിയും ഗാങ് ചാർട്ടും കൃത്യമായി പരിശോധിക്കാതെ അറസ്റ്റിന് അനുമതി നൽകിയ അന്നത്തെ ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്ക് കോടതി കർശന മുന്നറിയിപ്പ് നൽകി. നിയമപരമായ ജാഗ്രതയോടെയും ഭരണഘടനാപരമായ നിയന്ത്രണത്തോടെയും മാത്രമേ ഇനിമുതൽ ഉദ്യോഗസ്ഥർ പ്രവർത്തിക്കാവൂ എന്ന കടുത്ത ഓർമ്മപ്പെടുത്തലോടെയാണ് കോടതി വിധി അവസാനിപ്പിച്ചത്.









0 comments