ad
Deshabhimani

മകൾക്ക് വിഷം നൽകി അമ്മ; കുറ്റം കാമുകന്റെ മേൽ കെട്ടിവെക്കാൻ ശ്രമം, ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല

Murder
വെബ് ഡെസ്ക്

Published on Mar 11, 2026, 03:35 PM | 1 min read

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ മകളെ അമ്മയും സഹോദരനും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തി. ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗാജിപൂർ സ്വദേശിനിയായ ഫർസാനയാണ് കൊല്ലപ്പെട്ടത്.


സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ അഫ്സാനയെയും സഹോദരൻ അഫ്സറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം കുറ്റം പെൺകുട്ടിയുടെ കാമുകനായ സുനിൽ യാദവിന്റെ മേൽ കെട്ടിവെക്കാനാണ് കുടുംബം ശ്രമിച്ചത്. സുനിൽ യാദവുമായി ഫർസാന പ്രണയത്തിലായിരുന്നു.


ഈ ബന്ധത്തിനിടെ യുവതി ഗർഭിണിയായെങ്കിലും സുനിൽ വിവാഹം കഴിക്കാൻ തയ്യാറായില്ല. തുടർന്ന് ഗർഭച്ഛിദ്രം നടത്തിയതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. ഇതിനെച്ചൊല്ലി വീട്ടിൽ തർക്കം നിലനിന്നിരുന്നു.


മകളുടെ ബന്ധം പുറത്തറിഞ്ഞാൽ കുടുംബത്തിന് മാനക്കേടുണ്ടാകുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. മാർച്ച് ഒന്നിന് രാത്രി ഫർസാനയെ അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി നിർബന്ധിച്ച് വിഷം (സൾഫോസ് പൗഡർ) കുടിപ്പിക്കുകയായിരുന്നു.


മരണം ഉറപ്പാക്കിയ ശേഷം അമ്മ തന്നെ നേരിട്ട് പൊലീസിനെ സമീപിച്ച് കാമുകനായ സുനിൽ മകൾക്ക് വിഷം നൽകിയെന്ന് പരാതിപ്പെട്ടു. എന്നാൽ പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലും ഫോൺ രേഖകൾ പരിശോധിച്ചതിലും കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡിഎസ്പി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home