യു പി സര്‍ക്കാര്‍ പ്രതിരോധത്തിൽ
ചികിത്സാപിഴവ്; ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐടിബിപി ജവാന്റെ അമ്മയുടെ കൈ മുറിച്ചു മാറ്റി

ലഖ്നൗ: കാൻപൂരിൽ ശ്വാസ തടസത്തിന് ചികിത്സ തേടിയെത്തിയ ഐടിബിപി ജവാന്റെ അമ്മയുടെ കൈ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കേണ്ടി വന്ന സംഭവത്തിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനം. പ്രാഥമിക അന്വേഷണത്തിന് പോലും മുതിരാത്ത സര്‍ക്കാര്‍ നടപടി സേനകൾ തമ്മിലുള്ള ഇടച്ചിൽ വരെ എത്തിച്ചു. അനാസ്ഥയിൽ രോഷാകുലരായി ഐടിബിപി ഉദ്യോഗസ്ഥർ സംഘം ചേര്‍ന്ന് കാൻപൂർ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി. അമ്മയുടെ മുറിച്ചു മാറ്റിയ കയ്യുമായാണ് ഇവര്‍ പൊലീസ് ആസ്ഥാനത്ത് എത്തിയത്. പ്രതിഷേധം പ്രതിപക്ഷം ഏറ്റെടുത്തതോടെ സംഭവത്തിൽ സര്‍ക്കാര്‍ അന്വേഷണം നടത്താമെന്ന് സമ്മതിച്ചു.
മഹാരാജ്പൂരിലെ 32-ാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന ഐടിബിപി ജവാൻ വികാസ് സിങിന്റെ അമ്മയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അമ്മ നിർമല ദേവി (56) മേയ് 13-ന് ശ്വാസതടസ്സത്തെ തുടർന്ന് കാൻപൂരിലെ കൃഷ്ണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയതായിരുന്നു. എന്നാൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവ് കാരണം ഒടുവിൽ ഇവരുടെ ഒരു കൈ മുറിച്ചു മാറ്റേണ്ടി വന്നു.
ആശുപത്രി അധികൃതർക്കെതിരെ ആവർത്തിച്ച് പരാതി നൽകിയിട്ടും പ്രാദേശിക പോലീസ് നടപടിയെടുത്തില്ലെന്ന് വികാസ് സിങ് പറഞ്ഞു. നീതി ലഭിക്കാനായി അമ്മയുടെ മുറിച്ചുമാറ്റിയ കൈയുമായി രണ്ടുതവണ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി. എന്നിട്ടും നടപടി ഉണ്ടാവാത്തതാണ് സേനയെ മുഴുവൻ പ്രകോപിപ്പിച്ചത്.
ശനിയാഴ്ച ആയുധധാരികളായ ഐടിബിപി ജവാന്മാർ കാൻപൂർ പോലീസ് കമ്മീഷണറുടെ ഓഫീസ് വളഞ്ഞതായുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത് ഇരു സേനയും നിഷേധിച്ചു. മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് ഉദ്യോഗസ്ഥർ കമ്മീഷണറെ കണ്ട് പരാതി നൽകിയതെന്ന് പിന്നീട് അവര്‍ വിശദീകരിച്ചു.
ആശുപത്രി അധികൃതർക്കെതിരെ ജവാൻ ആദ്യം പരാതി നൽകിയിരുന്നു. ചീഫ് മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള അന്വേഷണ സമിതി അഴിമതി നിറഞ്ഞതാണെന്നും അവർ ആശുപത്രിയെ രക്ഷിക്കാൻ വേണ്ടി കാര്യങ്ങൾ ഒതുക്കിതീർക്കാൻ ശ്രമിച്ചതായും ചൂണ്ടികാട്ടി. പ്രാദേശിക പോലീസും നടപടിയെടുക്കാൻ തയാറായില്ല.
പ്രതിഷേധം ശക്തമായതോടെ പോലീസും ഐടിബിപി മെഡിക്കൽ ഓഫീസർമാരും ചീഫ് മെഡിക്കൽ ഓഫീസർ നിർദ്ദേശിക്കുന്ന ഡോക്ടർമാരും അടങ്ങുന്ന ഒരു സംയുക്ത അന്വേഷണ സമിതി രൂപീകരിക്കാൻ സര്‍ക്കാര്‍ വഴങ്ങി.
യുപിയിലെ സർക്കാരിന്റെ ഭരണപരാജയമാണ് ഈ സംഭവം കാണിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. "ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരും അവിടുത്തെ പോലീസും നടത്തുന്ന അനീതിയും അതിക്രമങ്ങളും കണ്ട് ഐടിബിപിക്ക് പോലും അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു." ബിജെപി ഭരണത്തിൽ കേന്ദ്ര സേനയ്ക്ക് പോലും വിശ്വാസമില്ലാതായെന്നാണ് ഇത് തെളിയിക്കുന്നത് എന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പരസ്പരം തോക്ക് ചൂണ്ടി നിൽക്കാൻ ഇതെന്ത് 'ഡബിൾ എഞ്ചിൻ' സർക്കാരാണെന്നും പരിഹസിച്ചു.










0 comments