സൈബർ തട്ടിപ്പിന് ഇരയായ വയോധികയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; അവഗണിക്കരുത് ഈ 5 മുന്നറിയിപ്പുകൾ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 67 കാരി സൈബർ തട്ടിപ്പിനിരയായതായി പരാതി. രണ്ട് തവണയായി 13 ലക്ഷം രൂപയാണ് 67 കാരിക്ക് നഷ്ടപ്പെട്ടത്. സെപ്റ്റംബർ 23 മുതൽ 30 വരെ പ്രതികളിൽ ഒരാളിൽ നിന്ന് വയോധികയ്ക്ക് വാട്സ്ആപ്പ് കോളുകൾ ലഭിച്ചിരുന്നു.
തുടർന്ന് തീവ്രവാദവുമായി ബന്ധമുള്ളതായി സംശയിക്കുന്ന അക്കൗണ്ടുമായി വയോധികയുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി.
പിന്നാലെ ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്നും പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. നിയമനടപടി ഭയന്ന് തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് വയോധിക പണം കൈമാറുകയായിരുന്നുവെന്ന് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 29ന് സൈബർ തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് വഴി വയോധിക 8 ലക്ഷം രൂപ കൈമാറുകയായിരുന്നു.
അടുത്ത ദിവസം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് കൂടി 5 ലക്ഷം രൂപ വയോധിക കൈമാറി. പിന്നീട് താൻ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ഇവർ സൈബർ തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകാൻ അധികൃതരെ സമീപിച്ചു.
ഡിജിറ്റൽ അറസ്റ്റും തട്ടിപ്പുമായി മുതിർന്ന പൗരന്മാർ ശ്രദ്ധിക്കേണ്ട ബന്ധപ്പെട്ട 5 പ്രധാന കാര്യങ്ങൾ
1. അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് പണം ആവശ്യപ്പെടില്ല
ഇന്ത്യൻ നിയമത്തിൽ ‘ഡിജിറ്റൽ അറസ്റ്റ്’ എന്നൊന്നില്ല. കൂടാതെ, ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാനോ അറസ്റ്റ് ഒഴിവാക്കാനോ പണം ആവശ്യപ്പെടുന്ന ഫോൺകോളുകൾ ഗുരുതരമായ തട്ടിപ്പിന്റെ മുന്നറിയിപ്പായി കാണണം. ഡിജിറ്റൽ ഇടപെടലുകളിലൂടെയോ ഫോൺകോളുകളിലൂടെയോ മാത്രം കേസുകൾ പരിഹരിക്കപ്പെടില്ല.
2. സമ്മർദത്തിന് വഴങ്ങി ഒരിക്കലും പണം കൈമാറരുത്
തട്ടിപ്പുകാർ ഇരകളിൽ ഭയവും അടിയന്തര സാഹചര്യവും സൃഷ്ടിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ, ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാൽ പണം കൈമാറുന്നതിന് മുമ്പ് മുതിർന്ന പൗരന്മാർ തിടുക്കത്തിൽ തീരുമാനമെടുക്കാതെ കാര്യങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പാക്കണം.
3. വീഡിയോ കോളുകളെ വിശ്വസിക്കരുത്
തട്ടിപ്പുകാർ പൊലീസ് യൂണിഫോം, ഡിജിറ്റൽ രേഖകൾ, ഔദ്യോഗിക ലോഗോകൾ, പശ്ചാത്തലങ്ങൾ, വ്യാജ രേഖകൾ എന്നിവ ഉപയോഗിച്ച് തങ്ങൾ യഥാർഥ ഉദ്യോഗസ്ഥരാണെന്ന് തോന്നിപ്പിച്ചേക്കാം. ഇത്തരം ദൃശ്യങ്ങൾ മാത്രം കണ്ട് വിളിക്കുന്നയാൾ യഥാർഥ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ഉറപ്പിക്കാനാകില്ല.
4. ബാങ്കിങ് വിവരങ്ങളോ രഹസ്യ വിവരങ്ങളോ ഒരിക്കലും പങ്കുവെക്കരുത്
OTP, PIN, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ, നെറ്റ് ബാങ്കിങ് വിവരങ്ങൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ ഫോൺ വിളിക്കുന്നവരുമായി പങ്കുവെക്കരുത്. സർക്കാർ ഏജൻസിയെയോ ബാങ്കിനെയോ പ്രതിനിധീകരിക്കുന്നവരാണെന്ന് അവകാശപ്പെട്ടാലും ഇത്തരം വിവരങ്ങൾ കൈമാറരുത്.
5. സ്വതന്ത്രമായി പരിശോധിച്ച് ഉടൻ പരാതി നൽകുക
ഒരു ബാങ്ക് അക്കൗണ്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആരെങ്കിലും ഫോൺ ചെയ്ത് അറിയിച്ചാൽ, അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെട്ട ബാങ്കുമായോ നേരിട്ട് ബന്ധപ്പെടണം. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം സ്ഥിരീകരിച്ച ഫോൺ നമ്പർ ഉപയോഗിച്ചാണ് ബാങ്കുമായി ബന്ധപ്പെടേണ്ടത്. സൈബർ തട്ടിപ്പിന് ഇരയായെന്ന് സംശയിക്കുന്നുവെങ്കിൽ ഉടൻ അധികൃതരെ വിവരമറിയിക്കണം.
ഏറ്റവും പ്രധാനമായി, സംശയാസ്പദമായ ഒരു ഫോൺ കോളോ സന്ദേശമോ ലഭിച്ചതിന്റെ പേരിൽ ഉടൻ സാമ്പത്തിക തീരുമാനമെടുക്കരുത്. പ്രത്യേകിച്ച് പണം ആവശ്യപ്പെടുകയോ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണം.









0 comments