ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ സുരക്ഷാ നിർദേശങ്ങളുമായി ആർബിഐ; പുതിയ സംവിധാനങ്ങളിങ്ങനെ

മുംബൈ: ഡിജിറ്റൽ പണമിടപാടുകളിലെ തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കരട് നിർദേശങ്ങൾ പുറത്തിറക്കി. ഇടപാടുകാർക്ക് തങ്ങളുടെ അക്കൗണ്ടുകളിലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലും കൂടുതൽ നിയന്ത്രണം നൽകുന്നതും, തട്ടിപ്പുകൾ ഉണ്ടായാൽ ബാങ്കുകളുടെ ഉത്തരവാദിത്തം കർശനമാക്കുന്നതുമാണ് പുതിയ ഭേദഗതികൾ.
2026 ഡിസംബർ 14 വരെ ബാങ്കുകൾക്കും പൊതുജനങ്ങൾക്കും ഇതിന്മേൽ അഭിപ്രായങ്ങൾ അറിയിക്കാം. അക്കൗണ്ടിൽ നിന്നുള്ള എല്ലാ പണമിടപാടുകളും ഒറ്റയടിക്ക് തടയാൻ ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനമാണിത്. അക്കൗണ്ട് വിവരങ്ങൾ ചോർന്നെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ 'സ്റ്റോപ്പ് സ്വിച്ച്' ഓൺ ചെയ്ത് പുറത്തേക്കുള്ള എല്ലാ ഇടപാടുകളും, പുതിയ യുപിഐ രജിസ്ട്രേഷനുകളും, ഓട്ടോ-ഡെബിറ്റ് നിർദേശങ്ങളും മരവിപ്പിക്കാം. എന്നാൽ അക്കൗണ്ടിലേക്ക് പണം വരുന്നതിനോ, നിലവിലുള്ള ലോൺ ഇഎംഐ പോലുള്ളവയ്ക്കോ ഇത് തടസ്സമാകില്ല.
ഉയർന്ന തുകയ്ക്കുള്ള ഇടപാടുകൾക്ക് അധിക സുരക്ഷ നൽകുന്നതിനായി 18 വയസ്സിന് മുകളിലുള്ള വിശ്വസ്തനായ ഒരാളെ ഉപഭോക്താവിന് രജിസ്റ്റർ ചെയ്യാം. ഉപഭോക്താവ് നിശ്ചയിക്കുന്ന പരിധിക്ക് മുകളിലുള്ള ഇടപാടുകൾ നടക്കണമെങ്കിൽ ഈ വ്യക്തിയുടെ അനുമതി കൂടി വേണ്ടിവരും. നോട്ടിഫിക്കേഷൻ ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇവർ അനുമതി നൽകിയില്ലെങ്കിൽ ഇടപാട് റദ്ദാകും. എന്നാൽ ഇവർക്ക് അക്കൗണ്ട് ബാലൻസോ മറ്റ് സാമ്പത്തിക വിവരങ്ങളോ കാണാൻ കഴിയില്ല. (യുപിഐ ഇടപാടുകൾക്കും, വ്യാപാരികൾക്ക് നൽകുന്ന പണത്തിനും ഇത് ബാധകമല്ല).
ഓരോ ഇടപാടിനും, ഒരു ദിവസം ആകെ നടത്താവുന്ന ഇടപാടുകൾക്കും, ഓരോ വ്യക്തിക്കും അയക്കാവുന്ന തുകയ്ക്കും ഉപഭോക്താക്കൾക്ക് സ്വന്തമായി പരിധി നിശ്ചയിക്കാം. കൂടാതെ നിശ്ചിത സമയങ്ങളിൽ ഡിജിറ്റൽ ചാനലുകൾ പ്രവർത്തിക്കാത്ത രീതിയിൽ ക്രമീകരിക്കാനും സാധിക്കും.
ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ ആവശ്യമില്ലാത്ത സമയങ്ങളിൽ ഓഫ് ചെയ്തു വെക്കാനും ആവശ്യമുള്ളപ്പോൾ മാത്രം ഓൺ ചെയ്യാനും സാധിക്കും. പുതിയ അക്കൗണ്ട് തുടങ്ങുമ്പോൾ ഡിജിറ്റൽ ചാനലുകൾ ഡിഫോൾട്ടായി ഓഫായിരിക്കും. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകളിൽ അന്താരാഷ്ട്ര ഇടപാടുകൾ, ഓൺലൈൻ പേയ്മെന്റുകൾ, കോൺടാക്റ്റ്ലെസ് ഇടപാടുകൾ എന്നിവ പ്രത്യേകം നിയന്ത്രിക്കാനും പരിധി നിശ്ചയിക്കാനും കഴിയും.
സുരക്ഷാ വീഴ്ചകൾ വരുത്തുക, കൃത്യസമയത്ത് ഇടപാട് സന്ദേശങ്ങൾ അയക്കാതിരിക്കുക, തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കാതിരിക്കുക, പരാതികളിൽ ഉടൻ നടപടിയെടുക്കാതിരിക്കുക തുടങ്ങിയവ 'ബാങ്കിന്റെ അനാസ്ഥ' ആയി കണക്കാക്കും. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ നടക്കുന്ന തട്ടിപ്പുകൾക്കും ബാങ്ക് ഉത്തരവാദിയാകും. പുതിയ നിർദേശങ്ങൾ 2027 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ബാങ്കുകളുടെ അനാസ്ഥയുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ 2027 ജനുവരി 1 മുതൽ തന്നെ നിലവിൽ വരുന്നതാണ്. വാണിജ്യ ബാങ്കുകൾക്കാണ് ഈ നിർദ്ദേശങ്ങൾ പ്രധാനമായും ബാധകമാകുക.








0 comments