Deshabhimani

ഇന്ത്യയിലേക്കുള്ള നാലാം മിസ് യൂണിവേഴ്സ് കിരീടം ഈ മലയാളിപ്പെണ്ണ് ചൂടുമോ?

kazia liz
വെബ് ഡെസ്ക്

Published on Nov 24, 2026, 09:43 AM | 1 min read

പ്യൂർട്ടോറിക്കോ: കേരളത്തിന്റെ കസവും ജിമിക്കിയും കായലുമെല്ലാം ലോകവേദിയിലെത്തിച്ച കെസിയ ഇനി കിരീടവും കൊണ്ടായിരിക്കുമോ തിരിച്ചുവരവ് എന്നറിയാൻ മണിക്കൂറുകൾ മാത്രം. ലോകസുന്ദരിപ്പട്ടത്തിനായുള്ള അവസാന പോരാട്ടത്തിന് പ്യൂർട്ടോറിക്കോയിൽ വേദിയൊരുങ്ങുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കെസിയ ലിസ് മെജോ ഫൈനലിനിറങ്ങുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളവും. ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 5.30നാണ് ഫൈനൽ. സുസ്മിത സെന്നും ലാറ ദത്തയും ഹർനാസ് സന്ധുവും സ്വന്തമാക്കിയ കിരീടം ഇത്തവണ മാവേലിക്കരക്കാരി കെസിയയിലൂടെ വീണ്ടും ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് കേരളം. 116 മത്സരാർഥികളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.


കഴിഞ്ഞ ദിവസങ്ങളിൽ കെസിയയുടെ നാഷണൽ കോസ്റ്റ്യൂം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരുന്നു. കേരളത്തിന്റെ കസവും ജിമിക്കിയും കായലും തെങ്ങിൻതോപ്പുമെല്ലാം വേഷത്തിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ പാരമ്പര്യത്തിനൊപ്പം ലാറ്റിനമേരിക്കൻ സംസ്കാരത്തിന്റെ സ്വാധീനവും ഉൾപ്പെടുത്തിയ വേഷം ഏറെ ചർച്ചയായി. സ്വന്തം നാടിനുള്ള ആദരമായാണ് ഈ വേഷം ഒരുക്കിയതെന്നായിരുന്നു കെസിയയുടെ പ്രതികരണം.


നാഷണൽ കോസ്റ്റ്യൂമിന് പിന്നാലെ പ്രിലിമിനറി മത്സരങ്ങളിലും കെസിയ തിളങ്ങി. സ്വിംസ്യൂട്ട്, ഈവനിങ് ഗൗൺ റൗണ്ടുകളിൽ ആത്മവിശ്വാസത്തോടെ വേദിയിലെത്തിയ കെസിയയുടെ സ്വർണനിറത്തിൽനിന്ന് നീലയിലേക്ക് മാറുന്ന ഗൗണും ശ്രദ്ധനേടി.


ആലപ്പുഴ മാവേലിക്കരയിൽനിന്ന് ലോകസുന്ദരി വേദിയിലേക്കെത്തിയ 19കാരിയുടെ യാത്രയും ഏറെ ശ്രദ്ധേയമാണ്. ബെംഗളൂരുവിൽ നിയമവിദ്യാർഥിനിയായ കെസിയ ആ​ഗസ്തിലാണ് മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. രാജ്യത്തെ 52 മത്സരാർഥികളെ പിന്നിലാക്കിയായിരുന്നു നേട്ടം. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി കൂടിയാണ് കെസിയ.


പ്യൂർട്ടോറിക്കോയിലെ സാൻ ഹുവാനിലുള്ള ജോസ് മിഗ്വൽ അഗ്രലോട്ട് കൊളീസിയത്തിലാണ് ഫൈനൽ. മത്സരാർഥികളിൽനിന്ന് ആദ്യഘട്ടത്തിൽ 30 പേരെ തിരഞ്ഞെടുക്കും. തുടർന്നുള്ള റൗണ്ടുകളിലൂടെയാണ് വിജയിയെ കണ്ടെത്തുക. മെക്സിക്കോയുടെ ഫാത്തിമ ബോഷാണ് നിലവിലെ മിസ് യൂണിവേഴ്സ്.


ഇതുവരെ മൂന്ന് മിസ് യൂണിവേഴ്സ് കിരീടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. സുസ്മിത സെൻ, ലാറ ദത്ത, ഹർനാസ് സന്ധു എന്നിവർക്കുശേഷം നാലാമതൊരു കിരീടം ഇന്ത്യയിലെത്തുമോ എന്നാണ് അറിയേണ്ടത്. കേരളത്തിന്റെ പച്ചപ്പും പാരമ്പര്യവും ലോകത്തിന് പരിചയപ്പെടുത്തിയ കെസിയ കിരീടപ്പോരാട്ടത്തിൽ എത്രത്തോളം മുന്നേറുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home