ശബരിമല: മാലിന്യശേഖരണം കൂടുതൽ മെച്ചപ്പെടുത്തണം

ശബരിമല: ശബരിമലയിൽ മാലിന്യശേഖരണം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് അവലോകനയോഗം വിലയിരുത്തി. എഡിഎം ദിലീപ് കെ കൈനിക്കര അധ്യക്ഷനായി. പൊലീസ് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ ശബരിമല സ്പെഷ്യൽ ഓഫീസർ (എസ്ഒ) ജി ജയദേവ് വിശദീകരിച്ചു.
ഹോട്ടലുകളിൽ ഈച്ചശല്യം ഉണ്ടാകുന്നത് നിയന്ത്രിക്കാൻ ഫ്ലൈ ക്യാച്ചർ യന്ത്രം സ്ഥാപിക്കുന്ന സാധ്യത ആരായാൻ യോഗം നിർദേശിച്ചു. മാലിന്യശേഖരണം മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര മാലിന്യം കൃത്യമായി വേർതിരിച്ചു സൂക്ഷിക്കണമെന്ന് കടകളിൽ പ്രത്യേക നിർദേശം നൽകും. ക്യൂ കോംപ്ലക്സിലെ ശുചിമുറിയിൽ എപ്പോഴും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കും. അവശനിലയിൽ റിപ്പോർട്ട് ചെയ്യുന്ന തീർഥാടകർക്ക് അധികം കാത്തിരിക്കാതെ തന്നെ സ്ട്രച്ചർ എത്തിക്കണമെന്ന് എഡിഎം നിർദേശം നൽകി.
കടകളിൽനിന്ന് കാലിയായ ഗ്യാസ് സിലിണ്ടറുകൾ മാറ്റാത്ത ഗ്യാസ് ഏജൻസിയ്ക്ക് നോട്ടീസ് നൽകും. കഴിഞ്ഞ അവലോകനയോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയതും യോഗം പരിശോധിച്ചു. അളവ് തൂക്ക നിയന്ത്രണവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന തുടരും. എക്സൈസ്, വനം- വന്യജീവി വകുപ്പുകൾ സ്‌ക്വാഡ് പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി എസ് ശാന്തകുമാർ, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എ ബിപിൻകുമാർ, എഎസ്ഒ വി എസ് ദിനരാജ് എന്നിവർ പങ്കെടുത്തു.








0 comments