Deshabhimani

വർഗീയതയ്ക്ക് ഇടമില്ലെന്ന് കിഴപ്പറയാർ; പള്ളിപ്പെരുന്നാളിൽ അയ്യപ്പഗാനം തടഞ്ഞയാളെ ഓടിച്ച് വികാരിയും നാട്ടുകാരും

kottayam
വെബ് ഡെസ്ക്

Published on Nov 24, 2026, 10:31 AM | 1 min read

കോട്ടയം: പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പള്ളി വികാരിയും കമ്മിറ്റി ഭാരവാഹികളും ചേർന്ന് വേദിയിൽ നിന്ന് ഇറക്കിവിട്ടു. പകരം, അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ കൂടി വേദിയിൽ ആലപിച്ചാണ് നാട് വർഗീയ അസഹിഷ്ണുതയ്ക്ക് മറുപടി നൽകിയത്.


നൂറാം വാർഷികം ആഘോഷിക്കുന്ന കിഴപറയാർ പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയിലായിരുന്നു സംഭവം. ഗായകൻ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുന്നതിനിടെ പുറത്തുനിന്നെത്തിയ ഒരാൾ വേദിയിലേക്ക് അതിക്രമിച്ചു കയറി പാട്ട് തടസ്സപ്പെടുത്തുകയായിരുന്നു. ക്രിസ്തീയ ഗാനങ്ങൾ മാത്രം പാടിയാൽ മതിയെന്നായിരുന്നു ഇയാളുടെ ആവശ്യം.


എന്നാൽ, ഇയാളുടെ നീക്കത്തിനെതിരെ സദസ്സിൽ നിന്ന് ശക്തമായ പ്രതിഷേധവും കൂക്കുവിളിയും ഉയർന്നു. ഉടൻ തന്നെ ഇടപെട്ട പള്ളി വികാരിയും കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഇയാളെ വേദിയിൽ നിന്ന് ഇറക്കിവിട്ടു. തുടർന്ന്, തടസ്സപ്പെട്ട 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം വീണ്ടും പാടാൻ വികാരി ഗായകനോട് ആവശ്യപ്പെട്ടു. ഇതിനുപുറമെ 'പമ്പാഗണപതി' ഉൾപ്പെടെ അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ കൂടി വേദിയിൽ പാടിപ്പിച്ചു.


ജാതിമത ഭേദമന്യേ എല്ലാ വീടുകളിലും നേരിട്ടെത്തി ക്ഷണിച്ചാണ് നാട്ടുകാർ പെരുന്നാളിന്റെ സ്നേഹവിരുന്ന് സംഘടിപ്പിച്ചിരുന്നത്. നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ പുറത്തുനിന്നുള്ള ആരെയും അനുവദിക്കില്ലെന്ന കൃത്യമായ സന്ദേശമാണ് കിഴപറയാർ നൽകിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ സംഭവത്തിന്റെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മതസൗഹാർദവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ തനത് സംസ്കാരത്തിന് കരുത്തുപകരുന്ന മാതൃകയായി കോട്ടയം കിഴപറയാർ ഇടവകയും നാട്ടുകാരും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home