വല്ലാർപാടം കണ്ടെയ്നർ സമരം; കൊച്ചിയെ കൈവിട്ട് ഷിപ്പിംഗ് കമ്പനികൾ

കൊച്ചി: വല്ലാർപാടത്തെ കണ്ടെയ്നർ ലോറി തൊഴിലാളികളുടെ സമരം നീണ്ടുപോകുന്നതിനാൽ ഷിപ്പിംഗ് കമ്പനികൾ വല്ലാർപാടം ഒഴിവാക്കി ചരക്കുകൾ മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലേക്ക് മാറ്റുന്നതായി പരാതി. തൊഴിലാളികളുടെ സമരം അടിയന്തരമായി പരിഹരിക്കാൻ സർക്കാരോ മുഖ്യമന്ത്രിയോ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലാത്തതിനാലാണ് സമരം നീണ്ടുപോയത്.
ഷിപ്പിംഗ് കമ്പനികൾ ചരക്കുകൾ മുംബൈ, ചെന്നൈ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലേക്ക് മാറ്റാൻ തീരുമാനിക്കുന്ന സാഹചര്യം ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് നേതാക്കൾ രംഗത്ത് വന്നു.
ഇറക്കുമതി കണ്ടെയ്നറുകളുടെ സ്കാനിങ്ങും ആയി ബന്ധപ്പെട്ട റേഡിയേഷൻ മുതലായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിൽ ട്രെയിലർ ഡ്രൈവർമാരും തൊഴിലാളി യൂണിയനികളും പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
സമരത്തോട് സർക്കാർ മുഖം തിരിച്ച സാഹചര്യത്തിൽ 1800ലധികം കണ്ടെയ്നറുകൾ ടെർമിനലിൽ കെട്ടിക്കിടക്കുകയും ഇറക്കുമതിക്കാർക്കും കമ്പനികൾക്കും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് കൊച്ചിയിലേക്ക് വരേണ്ട ചരക്കുകൾ മറ്റു തുറമുഖങ്ങളിലേക്ക് മാറ്റുന്ന സാഹചര്യമാണ് ഉണ്ടായത്.
ചരക്കുകൾ സ്വകാര്യ ഉടമസ്ഥതയിലുള്ള മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാൻ ഷിപ്പിംഗ് കമ്പനികൾ തന്നെ നിർദേശം നൽകി. ഇത് കൊച്ചി തുറമുഖത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൊച്ചി തുറമുഖത്തിന്റെ കാര്യക്ഷമമായ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പ്രശ്നം ഉടൻ പരിഹരിക്കണമെന്നും തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു.








0 comments