ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവ്

എഐ നിർമിത ചിത്രം
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഡൽഹിയിലെ വിവിധ ജില്ലാ കോടതികളിലും ഫാമിലി കോടതികളിലുമായി നിലവിലുള്ള 641 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, പേഴ്‌സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സെർവർ, പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ എന്നീ തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് തസ്തികകൾക്ക് അംഗീകൃത സർവകലാശാല ബിരുദവും നിശ്ചിത ടൈപ്പിങ് അല്ലെങ്കിൽ ഷോർട്ട്ഹാൻഡ് വേഗവുമാണ് യോഗ്യത. പ്രോസസ് സെർവർ തസ്തികയ്ക്ക് പത്താം ക്ലാസ് വിജയവും ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും രണ്ട് വർഷത്തെ ഡ്രൈവിങ് പരിചയവും ആവശ്യമാണ്. പ്യൂൺ തസ്തികയിലേക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 18–27. നിയമാനുസൃത ഇളവ് ലഭിക്കും.
തസ്തികകൾക്ക് അനുസരിച്ച് ഒബ്‌ജക്ടീവ് പരീക്ഷ, ഇംഗ്ലീഷ് വിവരണാത്മക പരീക്ഷ, ടൈപ്പിങ്/ഷോർട്ട്ഹാൻഡ്/ഡ്രൈവിങ് പോലുള്ള സ്‌കിൽ ടെസ്റ്റുകൾ, അഭിമുഖം എന്നിവ ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. പ്രധാനമായും ഡൽഹി/എൻസിആർ മേഖലയിലായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, മുൻ സൈനികർ എന്നിവർക്ക് ഫീസില്ല. https://dsssbonline.nic.in വഴി അപേക്ഷിക്കാം. അവസാന തീയതി നവംബർ നാല്.









0 comments