Deshabhimani

print edition യുപി തെരഞ്ഞെടുപ്പ്: കോൺഗ്രസ്‌ പിടിവാശി ‘ഇന്ത്യ’ക്ക്‌ തലവേദന

Congress
വെബ് ഡെസ്ക്

Published on Oct 25, 2026, 01:00 AM | 1 min read

ന്യൂഡൽഹി: ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുനൂറോളം സീറ്റ്‌ വേണമെന്ന കോൺഗ്രസ്‌ പിടിവാശി സമാജ്‌വാദി പാർടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്‌ തലവേദനയാകുന്നു. മത്സരിക്കാൻ താൽപ്പര്യപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ്‌ സമാജ്‌വാദി പാർടിക്ക്‌ കൈമാറി. പരമാവധി 70 സീറ്റ്‌ വരെ നൽകാനേപറ്റു എന്ന നിലപാടിലാണ്‌ സമാജ്‌വാദി പാർടി നേതൃത്വം.


ബിജെപിയെ തോൽപ്പിക്കുന്നതിന്‌ യുപിയിൽ ഇന്ത്യാ കൂട്ടായ്‌മയെ ശക്തിപ്പെടുത്താൻ സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ യാദവിന്റെ ശ്രമങ്ങൾക്ക്‌ തിരിച്ചടിയാവുകയാണ്‌ കോൺഗ്രസ്‌ പിടിവാശി. ബിജെപിയെ തോൽപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും അതിനായി ഇന്ത്യാ കൂട്ടായ്‌മയെ ശക്തിപ്പെടുത്തുമെന്നും അഖിലേഷ്‌ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. വിജയസാധ്യത കണക്കിലെടുത്താവും മുന്നണിയിലെ സീറ്റുവിഭജനമെന്നും അഖിലേഷ്‌ കൂട്ടിച്ചേർത്തു.


ഇരുനൂറിനടുത്ത്‌ സീറ്റുകളുടെ പട്ടിക സമാജ്‌വാദി പാർടിക്ക്‌ കൈമാറിയെന്ന്‌ യുപിയുടെ ചുമതലയുള്ള കോൺഗ്രസ്‌ നേതാവ്‌ രാജേന്ദ്രപാൽ ഗ‍ൗതം മാധ്യമങ്ങളോട്‌ പറഞ്ഞു. കോൺഗ്രസിന്‌ മികച്ച പ്രകടനം സാധ്യമാകുന്ന മണ്ഡലങ്ങളുടെ പട്ടികയാണ്‌ കൈമാറിയതെന്നും ഗ‍ൗതം അവകാശപ്പെട്ടു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 399 മണ്ഡലങ്ങളിൽ തനിച്ച്‌ മത്സരിച്ച കോൺഗ്രസിന്‌ രണ്ട്‌ സീറ്റുകളിൽ മാത്രമാണ്‌ ജയിക്കാനായത്‌. 2.39 ശതമാനം മാത്രമായിരുന്നു വോട്ട്‌. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്‌പി– കോൺഗ്രസ്‌ സഖ്യം മികച്ച പ്രകടനം കാഴ്‌ചവെച്ചു. എൺപതിൽ 43 സീറ്റിൽ സഖ്യം ജയിച്ചു. 17 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്‌ ആറ്‌ സീറ്റ്‌ കിട്ടി.


കോൺഗ്രസിന്റെ സീറ്റുകൾക്കായുള്ള പിടിവാശി നേരത്തെ ബിഹാർ, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ത്യാ കൂട്ടായ്‌മയുടെ തോൽവിക്ക്‌ വഴിവെച്ചിരുന്നു. ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്‌ ആറ്‌ സീറ്റിൽ മാത്രമാണ്‌ ജയിക്കാനായത്‌. സഖ്യചർച്ചകൾ വഴിമുട്ടിയതിനാൽ പത്തിലേറെ സീറ്റിൽ ആർജെഡിയും കോൺഗ്രസുമായി സ‍ൗഹൃദമൽസരവുമുണ്ടായി. മുന്നണിയിലെ സീറ്റ്‌ തർക്കമാണ്‌ എൻഡിഎയ്‌ക്ക്‌ ബിഹാറിൽ വിജയം എളുപ്പമാക്കിയത്‌. തെരഞ്ഞെടുപ്പിന്‌ മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ്‌ പിടിവാശി തുടർന്നാൽ ബിഹാറിന്റെയും മഹാരാഷ്ട്രയുടെയും ആവർത്തനമാകും യുപിയിലും സംഭവിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home