യുപിയിൽ വ്യാപാരിയെയും കുടുംബത്തെയും ബന്ദികളാക്കി; പണവും ഒരു കോടി രൂപയുടെ ആഭരണങ്ങളും കൊള്ളയടിച്ചു

എഐ പ്രതീകാത്മകചിത്രം
ലക്നൗ : ഉത്തർപ്രദേശിലെ ദേവ- ബരാബങ്കി റോഡിലെ ഗ്വാരി ഗ്രാമത്തിൽ ആയുധധാരികൾ കുടുംബത്തെ ബന്ദികളാക്കി സ്വർണവും പണവും തട്ടിയെടുത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് ആയുധധാരികളായ ഏഴ് പേർ ഒരു ബിസിനസുകാരനായ അലോക് ജയ്‌സ്വാളിന്റെ കുടുംബത്തെ ബന്ദികളാക്കി പണവും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും കവർച്ച ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അക്രമികൾ അലോക് ജയ്‌സ്വാളിന്റെ വീടും വീടിനോട് ചേർന്നുള്ള മൊത്തവ്യാപാര പലചരക്ക് കടയും കൊള്ളയടിച്ചു. പുലർച്ചെ 3.21ന് വീടിന്റെ പിൻവാതിൽ തകർത്താണ് ഇവർ അകത്തു കയറിയത്. കട താഴത്തെ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. കുടുംബം മുകളിലത്തെ നിലയിലാണ് താമസിക്കുന്നത്.
സംഭവം നടക്കുമ്പോൾ ജയ്‌സ്വാൾ, ഭാര്യ, മകൻ ഹിമാൻഷു, മരുമകൾ, ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ, ഒരു ആൺകുട്ടി എന്നിവർ വീട്ടിലുണ്ടായിരുന്നു. അക്രമികൾ തോക്ക് ചൂണ്ടി കുടുംബത്തെ ഭീഷണിപ്പെടുത്തുകയും എല്ലാവരെയും ഒരു മുറിയിലാക്കുകയും ചെയ്തു. പ്രതികൾ കുടുംബാംഗങ്ങളുടെ വായിൽ ടേപ്പ് ഒട്ടിച്ചതായും കുട്ടികൾ കരഞ്ഞപ്പോൾ അവരെ ഉപദ്രവിച്ചതായും പൊലീസ് പറഞ്ഞു. ഒരു മണിക്കൂറോളം വീടിനുള്ളിലുണ്ടായിരുന്ന അക്രമികൾ മോഷണശേഷം പുലർച്ചെ 4.22ഓടെയാണ് രക്ഷപെട്ടത്.
ഏകദേശം 12 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ, വെള്ളി ആഭരണങ്ങളും കൊണ്ടുപോയതായി കുടുംബം പറയുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിനായി ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ച് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സംശയമുള്ള ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് വികാസ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
പണവും ആഭരണങ്ങളും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കൃത്യമായി അറിവുള്ളവരായിരുന്നു കുറ്റവാളികളെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ കുടുംബവുമായി ബന്ധമുള്ളവരോ കുടുംബത്തിലുള്ള ആരെങ്കിലും പ്രതികൾക്ക് വിവരങ്ങൾ നൽകിയതോ ആകാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.











0 comments