ഷൂട്ടിങ് സെറ്റിൽ വച്ച് പ്രാണി കടിച്ചു: നടൻ രാജേഷ് ശർമയുടെ നില ഗുരുതരം

ഹൈദരാബാദ്: ഷൂട്ടിങ് സെറ്റിൽ വച്ച് പ്രാണിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ രാജേഷ് ശർമയുടെ നില ഗുരുതരം. റാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം ഫൗജിയുടെ ഷൂട്ടിങ് സെറ്റിൽവച്ചായിരുന്നു സംഭവം. വിഷമുള്ള ചിലന്തിയുടെ കടിയേറ്റതായാണ് സംശയിക്കുന്നത്. വലതു കാലിൽ കടിയേറ്റ ഭാഗത്ത് അണുബാധ പടരുകയും സ്ഥിതി ഗുരുതരമാവുകയും ചെയ്തു. നിലവിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. അണുബാധ കാൽവിരലുകളിൽ നിന്ന് കാൽമുട്ട് വരെ പടർന്നിട്ടുണ്ട്.
കടുത്ത പനി, ശ്വാസതടസ്സം, പ്രാണിയുടെ കടിയേറ്റ ഭാഗത്ത് വലിയ കുമിളകൾ എന്നിവയുള്ളതിനാൽ അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടിയന്തരമായി ഇടപെടണമെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും സിനിമ പ്രവർത്തകരുടെ സംഘടനയായ എഐസിഡബ്ല്യുഎ ആവശ്യപ്പെട്ടു. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ അടിയന്തര വൈദ്യസഹായവും സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കണമെന്നും, ചികിത്സാച്ചെലവ് മുഴുവൻ നിർമാതാക്കൾ വഹിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു.
ഷൂട്ടിംഗ് സെറ്റിൽ മതിയായ വൈദ്യസഹായം ലഭ്യമായിരുന്നോ എന്നും, കടിയേറ്റ ഉടൻ തന്നെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അസോസിയേഷൻ ചോദിച്ചു. 'ഖോസ്ല കാ ഘോസ്ല', 'ദി ഡേർട്ടി പിക്ചർ', 'എം എസ് ധോണി' തുടങ്ങിയ നിരവധി പ്രശസ്ത ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട നടനാണ് രാജേഷ് ശർമ.










0 comments