സംരക്ഷിക്കാമെന്ന വാഗ്ദാനം മക്കള്‍ തെറ്റിച്ചാല്‍ നൽകിയ സ്വത്ത് തിരികെ വാങ്ങാം: ബോംബെ ഹൈക്കോടതി

മുംബൈ : വാർധക്യത്തിൽ മക്കൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷം അത് തെറ്റിച്ചാൽ എഴുതിനൽകിയ സ്വത്ത് മാതാപിതാക്കൾക്ക് തിരികെ ചോദിക്കാനാകുമെന്ന് ബോംബെ ഹൈക്കോടതി. മാതാപിതാക്കൾ സാമ്പത്തിക ഭദ്രതയുള്ളവരാണെങ്കിൽ പോലും ഈ നിയമം ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
2023 ൽ ജ്വല്ലറി ഉടമയായ പിതാവ് താനും ഭാര്യയും താമസിച്ചിരുന്ന ഫ്ലാറ്റ് മകൻ തങ്ങളെ നോക്കുമെന്ന് പ്രതീക്ഷിച്ച് എഴുതിനൽകിയിരുന്നു. എന്നാൽ മാതാപിതാക്കളും മകനും തമ്മിലുളള ബന്ധം വഷളാവുകയും. 2025 ഓടെ രക്ഷിതാക്കൾ വീട്ടിൽ നിന്ന് പുറത്താവുകയും ചെയ്തു. തുടർന്ന് സീനിയർ സറ്റിസൺസ് ആക്ട് പ്രകാരം വൃദ്ധദമ്പതികൾ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. 60 ദിവസത്തിനുള്ളിൽ മകനും കുടുംബവും ഫ്ലാറ്റ് ഒഴിയണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. എന്നാൽ, മാതാപിതാക്കൾ സാമ്പത്തിക ഭദ്രതയുള്ളവരാണെന്ന് കാണിച്ച് മകൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.
മാതാപിതാക്കളുടെ സാമ്പത്തിക നിലയല്ല, മറിച്ച് മക്കളുടെ വാഗ്ദാനവും പെരുമാറ്റവുമാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു. മാതാപിതാക്കളുടെ സംരക്ഷണത്തിനാണ് നിയമത്തിന്റെ കണ്ണിൽ പ്രാധാന്യമെന്നും കോടതി പറഞ്ഞു.











0 comments