ഗുജറാത്തിൽ ഭീതി പടർത്തി വീണ്ടും ചാന്ദിപുര വൈറസ്; മൂന്ന് കുട്ടികൾ മരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിൽ ഭീതി പടർത്തി ചാന്ദിപുര വൈറസ്. രോഗബാധയെ തുടർന്ന് ഇതുവരെ മൂന്ന് കുട്ടികൾ മരിച്ചു. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലും വയസ് പ്രായമായ രണ്ട് കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബുധനാഴ്ച ആറ് വയസുള്ള കുട്ടിയും മരിച്ചു.
സബർകാന്ത ജില്ലയിലെ ഹിമന്ത്നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആറു വയുകാരൻ മരിച്ചത്. നാല് ദിവസം മുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഹിമന്ത്നഗർ സിവിൽ ആശുപത്രിയിൽ നിലവിൽ അഞ്ചോളം പേർക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്നത്. ഇതിനിടെ രണ്ട് കുട്ടികൾ രോഗമുക്തരായതായും റിപ്പോർട്ടുകളുണ്ട്.
ജാഗ്രതയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നാണ് അറിയിച്ചിരിക്കുന്നത്. 2024 ലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് നിരവധി പേർ മരിച്ചിരുന്നു.
റാബ്ഡോവിറിഡേ വിഭാഗത്തില്‍പ്പട്ട വൈറസാണ് ചാന്ദിപുര. ഒന്‍പത് മാസം മുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് കൂടുതല്‍ രോഗം പിടിപെടുന്നത്. പൊതുവേ മഴക്കാലങ്ങളിലാണ് ചാന്ദിപുര വൈറസ് വ്യാപനമുണ്ടാകുന്നത്.










0 comments