ad
Deshabhimani

കളളാടി മണ്ണിടിച്ചിൽ: ​മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം ആറായി

meppadi Kalladi Landslide.jpg

വയനാട് കള്ളാടി തുരങ്കപാതയുടെ പദ്ധതിപ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായി മീനാക്ഷിപ്പുഴയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ ഫോട്ടോ: എം എ ശിവപ്രസാദ്

വെബ് ഡെസ്ക്

Published on Jul 09, 2026, 02:25 PM | 1 min read

മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആറായി ഉയർന്നു. മണ്ണിടിച്ചിലിൽ നിർമാണത്തൊഴിലാളികളായ അഞ്ചുപേരെയാണ്‌ കാണാതായത്‌. അപകടത്തിൽ മരിച്ച അതിഥിത്തൊഴിലാളികളായ മൂന്നുപേരുടെ മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എംബാംചെയ്‌ത് തുരങ്കപാത നിർമാണ കമ്പനിക്ക്‌ കൈമാറിയിരുന്നു. ബുധന്‍ രാത്രിയോടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.


വിവിധ സേനാവിഭാഗങ്ങളിൽനിന്നുള്ള 162 അംഗ സംഘവും സന്നദ്ധപ്രവർത്തകരും നാലുമേഖലകളിലായാണ്‌ തിരയുന്നത്‌. രണ്ട്‌ കഡാവർ നായ്‌ക്കളുമുണ്ട്‌. മീനാക്ഷിപ്പുഴയുടെ തീരത്തടിഞ്ഞ മണ്ണ്‌ നീക്കിയാണ്‌ പരിശോധന. പുഴയിലേക്ക്‌ ഒഴുകിയെത്തിയ കണ്ടെയ്‌നറുകളുടെ അവശിഷ്‌ടങ്ങളിലും തിരഞ്ഞു. പാലത്തിൽ അടിഞ്ഞ മണ്ണ്‌ ബുധൻ പുലർച്ചയോടെ നീക്കി. മേപ്പാടി–ചൂരൽമല പാതയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പദ്ധതിപ്രദേശത്തെ മൺകൂനകൾ നീക്കാത്തത്‌ ഭീഷണിയായി തുടരുന്നു.


പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദുരന്തമേഖല സന്ദർശിച്ചു. വ്യാഴം രാവിലെ ഒൻപതരയോടെയാണ് പിണറായി കള്ളാടിയിലെത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം വി ജയരാജൻ, വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയം​ഗം സി കെ ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


മണ്ണിടിച്ചിലുണ്ടായ സ്ഥലവും സമീപത്ത്, കാണാതായവർക്കായി തെരച്ചിൽനടക്കുന്ന മീനാക്ഷിപ്പുഴയുടെ പ്രദേശവും പിണറായി സന്ദർശിച്ചു. രക്ഷാപ്രവർത്തകരുമായും ഉദ്യോ​ഗസ്ഥരുമായും സംസാരിച്ചു. തുടർന്ന്, മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസക്യാമ്പിലെത്തി. അൻപതോളം കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. എസ്റ്റേറ്റിലെ തൊഴിലാളികളെയും പ്രദേശവാസികളെയും പ്രതിപക്ഷനേതാവ് കണ്ടുസംസാരിച്ചു. ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ട ബൽരാജ്- കൂടമ്മാൾ ദമ്പതികളെയും കണ്ട് സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home