ad
Deshabhimani

വിംബിൾഡണിൽ ആവേശപ്പോരാട്ടം; സിന്നർ-ജോകോവിച്ച് സെമി-ഫൈനൽ നാളെ

Djoko-Sinner

യാനിക് സിന്നർ - നൊവാക് ജോകോവിച്ച്

വെബ് ഡെസ്ക്

Published on Jul 09, 2026, 03:17 PM | 2 min read

ലണ്ടൻ : ജർമ്മൻ താരം ജാൻ-ലെന്നാർഡ് സ്ട്രഫിന്റെ അട്ടിമറി മുന്നേറ്റങ്ങൾക്ക് അന്ത്യം കുറിച്ച് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ യാനിക് സിന്നർ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ ടെന്നീസ് ലോകം കാത്തിരിക്കുന്ന സിന്നർ - ജോകോവിച്ച് ആവേശപ്പോരാട്ടത്തിനാണ് വിംബിൾഡണിൽ കളമൊരുങ്ങിയിരിക്കുന്നത്.


കോർട്ട് ഒന്നിൽ നടന്ന കടുത്ത ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 7-5, 7-6 (7/4), 6-3 എന്ന സ്കോറിനാണ് സിന്നർ വിജയം പിടിച്ചെടുത്തത്. ഏഴുതവണ വിംബിൾഡൺ ചാമ്പ്യനായ സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് ആണ് സെമിയിൽ സിന്നറുടെ എതിരാളി.


ലണ്ടനിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഈ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള യാനിക് സിന്നറുടെ കായികക്ഷമതയെക്കുറിച്ച് ചില സംശയങ്ങൾ ഉയർന്നിരുന്നു. അടുത്തിടെ നടന്ന ഫ്രഞ്ച് ഓപ്പണിൽ കടുത്ത ചൂടിൽ പതറിയ സിന്നർ രണ്ടാം റൗണ്ടിൽ വൻ മുന്നേറ്റം നടത്തിയ ശേഷമാണ് യുവാൻ മാനുവലിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി പുറത്തായത്. തുടർച്ചയായ രണ്ടാം വർഷവും വിംബിൾഡൺ കിരീടം ലക്ഷ്യമിട്ടാണ് സിന്നർ ലണ്ടനിലെത്തിയത്.


ഓപൺ ഇറയിൽ ഒരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ ആദ്യമായി എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡുമായാണ് ലോക 74ാം നമ്പർ താരമായ ജാൻ-ലെന്നാർഡ് സ്ട്രഫ് ക്വാർട്ടറിന് ഇറങ്ങിയത്. നാല് തവണ ഗ്രാൻഡ്‌സ്ലാം ചാമ്പ്യനായ സിന്നർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നില്ലെങ്കിലും ശക്തമായ സെർവുകളിലൂടെ സ്ട്രഫിനെ പ്രതിരോധിച്ച് തന്റെ പത്താമത്തെ ഗ്രാൻഡ്‌സ്ലാം സെമിഫൈനലും മൂന്നാമത്തെ വിംബിൾഡൺ സെമിഫൈനലും ഉറപ്പിച്ചു. ഫ്രഞ്ച് ഓപ്പണിലെ പിഴവുകൾ മനസ്സിലാക്കി മികച്ച രീതിയിലാണ് തയ്യാറെടുത്തതെന്നും കായികക്ഷമതയുടെ കാര്യത്തിൽ തനിക്ക് വലിയ പുരോഗതി അനുഭവപ്പെട്ടുവെന്നും മത്സരശേഷം സിന്നർ വ്യക്തമാക്കി.


മറുഭാഗത്ത് ഇതിഹാസ താരം റോജർ ഫെഡററുടെ എട്ട് വിംബിൾഡൺ സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കോർഡിനൊപ്പമെത്താനും തന്റെ കരിയറിലെ 25ാം ഗ്രാൻഡ്‌സ്ലാം എന്ന ചരിത്രനേട്ടവുമാണ് നൊവാക് ജോകോവിച്ച് ലക്ഷ്യമിടുന്നത്. ഈ കിരീടം സ്വന്തമാക്കിയാൽ ഓപ്പൺ ഇറയിൽ ഗ്രാൻഡ്‌സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന ബഹുമതി 39കാരനായ ജോകോവിച്ചിന് ലഭിക്കും.


ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ തുടർച്ചയായി എട്ടാം തവണയും വിംബിൾഡൺ സെമിയിലെത്തിയ, പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി സെമിയിൽ പ്രവേശിക്കുന്ന താരം എന്ന പുതിയ റെക്കോർഡും ജോകോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫോമിലുള്ള സിന്നറും റെക്കോർഡുകൾ വേട്ടയാടുന്ന ജോകോവിച്ചും നേർക്കുനേർ വരുന്ന സെമിഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home