ad
Deshabhimani

കാൽ മുതൽ തലവരെ തല്ലി ചതച്ചു, മതംമാറ്റാനും ശ്രമം നടത്തി; ആരോപണവുമായി സാവരിയയുടെ കുടുംബം

Savaria

സാവരിയ, സദറുൽ ആനം

വെബ് ഡെസ്ക്

Published on Jul 09, 2026, 02:46 PM | 2 min read

ആലപ്പുഴ: ഉസ്‌ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ ​ഗുരുതര ആരോപണവുമായി കുടുംബം രം​ഗത്ത്. ഹരിപ്പാട് സ്വദേശിയായ സാവരിയ(22)യാണ് മൃ​ഗീയമായി കൊല്ലപ്പെട്ടത്. സാവരിയയുടെ സഹപാഠിയായ സാദറുൽ അനം (23) ആണ് കേസിലെ പ്രതി. സാവരിയയെ മതംമാറ്റാൻ സാദറുൽ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. സാവരിയയുടെ ദേഹത്ത് മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായി സാവരിയയുടെ ബന്ധു ജനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.


‘കാൽ മുതൽ തല വരെ ചതച്ചെടുത്തിട്ടുണ്ട്. ഒരു ലാപ്‌ടോപ് കൊണ്ട് ഒരു നിമിഷംകൊണ്ട് അടിച്ചുകൊന്നതൊന്നുമല്ല. വളരെ ബ്രൂട്ടലായി ചെയ്തിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. അവിടുത്തെ പിള്ളേർ പറഞ്ഞത് സാവരിയയോട് മതംമാറാൻ സദറുൽ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാണ്. ഇത് അവർ കണ്ടിട്ടുണ്ട്. അവൾ സമ്മതിച്ചിരുന്നില്ല. അവസാനനിമിഷം എന്താണുണ്ടായതെന്ന് ആർക്കും അറിയില്ലെന്നാണ് ആ കുട്ടികൾ പറഞ്ഞത്’, ജനീഷ് കൂട്ടിച്ചേർത്തു.


ഉസ്‌ബെക്കിസ്താനിലെ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായിരുന്നു സാവരിയയും സദറുലും. സാവരിയയും സദറുലും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പൊടുന്നനെ ഉണ്ടായ തർക്കത്തിന് പുറത്ത് പെൺകുട്ടിയുടെ തലയ്ക്ക് ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ വാദത്തെയാണ് കുടുംബം തീർത്തും തള്ളിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ സാവരിയയെ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ.


ഡിസംബർ ആദ്യമാണ് സവരിയ എംബിബിഎസ് പഠനത്തിനായി ഉസ്ബക്കിസ്ഥാനിലെത്തിയത്. മരണവിവരം അറിഞ്ഞ് ദുബായിൽ ജോലി ചെയ്യുന്ന സാവരിയയുടെ ചിറ്റപ്പൻ ഉസ്ബക്കിസ്ഥാനിലെത്തി നിയമനടപടികൾ പൂർത്തിയാക്കി. എംബാം ചെയ്ത മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സാവരിയയുടെ മരണവിവരം അറിഞ്ഞ് കുവൈത്തിലായിരുന്ന അച്ഛൻ ബസന്ത് നാട്ടിലെത്തിയിരുന്നു. സംഭവത്തിൽ ഉസ്ബക്കിസ്ഥാൻ പൊലീസ് അന്വേഷണം തുടരുകയാണ്.


അതേസമയം സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നത്. മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സവരിയയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയരുന്നു. തുടർന്നാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നത്. ഹരിപ്പാട് പൊലീസ് ഇൻക്വെസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികൾ മുഴുവനായും വീഡിയോ ചിത്രീകരിക്കും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home