റഷ്യൻ എണ്ണ തന്നെ ആശ്രയം; ഇറക്കുമതി റെക്കോർഡ് ഉയരത്തിൽ

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ശക്തമാക്കി ഇന്ത്യ. ഔദ്യോഗിക സർക്കാർ കണക്കുകൾ പ്രകാരം 2026 മെയ് മാസത്തിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് 40 ശതമാനത്തിന് മുകളിലായി ഉയർന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ റഷ്യൻ എണ്ണ വിപണിയാണ് തുണയായത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസായി റഷ്യ തുടരുകയാണ്.
2026 മെയ് മാസത്തിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതി 218.2 ടൺ ആയി ഉയർന്നിരുന്നു. പശ്ചിമേഷ്യയിൽ ഫെബ്രുവരി അവസാനം അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ ആരംഭിച്ച യുദ്ധവും തുടർന്നുണ്ടായ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും കാരണം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ല് വർധിച്ചിട്ടുണ്ട്. 2025 മെയ് മാസത്തിൽ ബാരലിന് 64 ഡോളർ ആയിരുന്നു എണ്ണവില. 2026 മെയ് ആയപ്പോഴേക്കും ഇത് ബാരലിന് 106 ഡോളറായി അന്താരാഷ്ട്ര വിപണിയിൽ ഉയർന്നതാണ് ഇതിന് കാരണം. ആഗോള തലത്തിൽ വില വർധനവ് നിലനിൽക്കുമ്പോഴും ഇന്ത്യൻ റിഫൈനറികൾക്ക് തടസമില്ലാതെ എണ്ണ എത്തിക്കാൻ റഷ്യൻ വിപണിക്ക് കഴിഞ്ഞിട്ടുണ്ട്. മെയ് മാസത്തിൽ റഷ്യൻ എണ്ണ ഇറക്കുമതിയുടെ ആകെ അളവ് 40.5 ശതമാനവും മൂല്യം 42.6 ശതമാനവുമായിരുന്നു. 2024ന്റെ മധ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
റഷ്യൻ എണ്ണയുടെ ഗുണനിലവാരത്തിന് അനുയോജ്യമായ രീതിയിലാണ് ഇന്ത്യൻ കമ്പനികൾ തങ്ങളുടെ റിഫൈനറികൾ സജ്ജീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും റഷ്യ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വസിക്കാവുന്നതുമായ ഊർജ്ജ പങ്കാളിയായി തുടരുമെന്ന് സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
വെനസ്വേല, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി മെയ് മാസത്തിൽ 984 മില്യൺ ഡോളറായി ഉയർന്നു. ഇതോടൊപ്പം ഇറാനിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് അമേരിക്ക താൽക്കാലിക ഇളവ് നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ജൂലൈ 7ന് അമേരിക്ക ഈ ഇളവ് ഏകപക്ഷീയമായി റദ്ദാക്കി. പാശ്ചാത്യ രാജ്യങ്ങളുടെ ഇത്തരം ധിക്കാരപരമായ നയങ്ങൾ അന്താരാഷ്ട്ര വിപണിയെ അസ്ഥിരപ്പെടുത്തുമ്പോൾ, റഷ്യൻ വിപണിയുമായുള്ള ദൃഢമായ ബന്ധമാണ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്നത്.










0 comments