കലാമണ്ഡലത്തിലെ ഇന്റർവ്യൂ തടയാനെത്തിയ കോൺഗ്രസുകാരെ കൂകി വിളിച്ച് വിദ്യാർഥികൾ
ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം തടസ്സപ്പെടുത്താനെത്തിയ കോൺഗ്രസ് പ്രവർത്തകരെ വിദ്യാർഥികൾ കൂവി വിളിച്ചു. കലാമണ്ഡലത്തിൽ വ്യാഴാഴ്ച നടത്തുന്ന അധ്യാപക ഇന്റർവ്യൂ തടയുമെന്ന് വെല്ലുവിളിച്ചാണ് വള്ളത്തോൾ നഗറിലെ കോൺഗ്രസ് പ്രവർത്തകരെത്തിയത്. ബുധനാഴ്ച കലാമണ്ഡലത്തിൽ സംഘം ചേർന്നെത്തി വൈസ് ചാൻസലറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം നടത്തി. തുടർന്ന് വൈസ് ചാൻസിലർ പൊലീസിന്റെ സഹായം തേടി. പൊലീസെത്തിയ ശേഷം അഞ്ചുപേർക്ക് മാത്രം വി സിയുടെ ചേമ്പറിലേക്ക് പ്രവേശനം നൽകിയിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷാനവാസ്, ഡിസിസി സെക്രട്ടറി ജോണി മണിച്ചിറ എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപക ഇന്റർവ്യൂ തടയുമെന്ന് ഭീഷണിയുയർത്തിയത്.
കലാമണ്ഡലത്തിൽ വ്യാഴാഴ്ച നൃത്ത സംഗീതം, കഥകളി സംഗീതം, പഞ്ചവാദ്യം ( തിമില ) എന്നീ കലാ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഴ്ചകൾക്കു മുമ്പേ നിശ്ചയിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഭരണം മാറിയതിനാൽ കലാമണ്ഡലത്തിൽ പുതിയ ഭരണസമിതി വന്നതിനുശേഷം മാത്രമേ ഇന്റർവ്യൂ നടത്താൻ പാടുള്ളൂ എന്നാണ് കോൺഗ്രസിന്റെ വിചിത്ര വാദം. നിലവിൽ അധ്യയനം ആരംഭിച്ച് കലാ പഠനങ്ങൾക്ക് അധ്യാപകർ ഇല്ലാത്തതിനാൽ ക്ലാസുകൾ മുടങ്ങുന്ന സാഹചര്യമുണ്ട്. പല ഡിപ്പാർട്ട്മെന്റിലെയും വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.
ആഗസ്ത് 15ന് കൂത്തമ്പലത്തിൽ അരങ്ങേറേണ്ട വിദ്യാർഥികൾക്ക് ഇതുവരെയും പഠനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം ഇന്റർവ്യൂ നടത്തി അധ്യാപകരെ നിയമിച്ച് ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് ഇന്റർവ്യൂ തടയാൻ യൂത്ത് കോൺഗ്രസ് ഭീഷണിയുമായി എത്തിയത്. കലാ പഠനങ്ങൾക്ക് അധ്യാപകരില്ലാത്ത സാഹചര്യം വന്നാൽ കലാമണ്ഡലം അടച്ചിടുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന് വൈസ് ചാൻസിലർ ഡോ. ബി അനന്തകൃഷ്ണൻ പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത വാദങ്ങളാണ് ചെറുതുരുത്തിയിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നതെന്നും, സുതാര്യവും സുഗമവുമായി കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് പഠനം സൗകര്യം ഒരുക്കുകയെന്നത് തങ്ങളുടെ കടമയാണെന്നും അത് നിർവഹിക്കുക തന്നെ ചെയ്യുമെന്നും വൈസ് ചാൻസിലർ പറഞ്ഞു.
സംസ്ഥാന ഭരണം മാറിയതു മുതൽ ചെറുതുരുത്തിയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ നിരന്തരമായി കലാമണ്ഡലത്തിലെത്തി താൽക്കാലിക ജീവനക്കാരെ മാറ്റുന്നതിനും അവർ നിർദ്ദേശിക്കുന്ന ആളുകളെ നിയമിക്കാനും വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.











0 comments