കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു; ആർക്കും പരിക്കില്ല, വൻ ദുരന്തം ഒഴിവായി

കോഴിക്കോട് റെയിൽവെ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവർ
കോഴിക്കോട് : റെയിൽവെ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവർ തകർന്നു വീണു. ആർക്കും പരിക്കുകളില്ല. ഇന്ന് രാവിലെ 11.15ഓടെയാണ് കെട്ടിടം തകർന്നു വീണത്. പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനും മുന്നാം പ്ലാറ്റ്ഫോമിനും ഇടിയിലുള്ള ക്ലോക്ക് ടവറാണ് തകർന്നുവീണത്. രണ്ടാം പ്ലാറ്റ്ഫോമിൽ ഇന്നലെ നിർത്തിയിട്ട ട്രെയിനിന് മുകളിലേക്കാണ് കെട്ടിടാവശിഷ്ടങ്ങൾ പതിച്ചത്. കുറച്ചു ദിവസങ്ങളായി കെട്ടിടത്തിൽ വിള്ളലുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഓഫിസും മറ്റു യാത്രക്കാരേയും നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു.
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെയാണ് ഈ സംഭവം. റെയിൽവെ അധികൃതർ നേരത്തെ തന്നെ ഈ കെട്ടിടത്തിന് കാലപ്പഴക്കമുണ്ടെന്നും, വിള്ളൽ വീണിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കെട്ടിടത്തിന്റെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആലോചിച്ചു വരുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. ഇന്ന് രാവിലെ കെട്ടിടത്തിന്റെ അവസ്ഥ വിലയിരുത്താൻ റെയിൽവെ ജീവനക്കാർ എത്തിയിരുന്നു. ഇതിനിടെയാണ് കെട്ടിടം തകർന്നു വീണത്. ജീവനക്കാർ ഉടൻ ഓടിമാറിയതു കൊണ്ട് വൻ ദുരന്തം ഒഴിവായി.
ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിൽ ഒന്നാണ് കോഴിക്കോട് റെയിൽവെ സ്റ്റേഷൻ. നിരുത്തരവാദിത്തപരമായ നിലപാടാണ് റെയിൽവെയുടെ ഭാഗത്തു നിന്നുണ്ടായതെന്നും, ഗൗരവമേറിയ വിഷയമാണെന്നും, ജനങ്ങൾ പരിഭ്രാന്തരായെന്നും, അപകടം മുന്നിൽക്കണ്ടിട്ടും മുൻകരുതൽ നടപടിയായി അനൗൺസ്മെന്റ് പോലും നൽകിയില്ലെന്നും, കൃത്യമായി പരിശോധന നടത്തണമെന്നും റിയാസ് പറഞ്ഞു. കേരളത്തിലെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഒരു സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതുണ്ടെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.










0 comments