ഇല്ലാത്ത തസ്തികയോ? സീനിയർ സ്റ്റാൻഡിങ് കോൺസൽ നിയമനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം

കൊച്ചി: സുപ്രീം കോടതിയിൽ കേരളത്തിന്റെ സ്റ്റാൻഡിങ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര ചട്ടലംഘനം നടന്നതായി ആക്ഷേപം. അഡ്വ. രമേഷ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസിലായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമ വകുപ്പാണ് ഇന്നലെ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, ഈ നിയമനം 1978ലെ കേരള അഭിഭാഷക ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് പ്രധാന ആരോപണം. പ്രസ്തുത ചട്ടത്തിൽ ഇത്തരമൊരു തസ്തിക നിലവിലില്ല എന്നിരിക്കെയാണ് നിയമനം നടത്തിയിരിക്കുന്നത്. ചട്ടത്തിന്റെ എട്ടാം പേജ് പ്രകാരം 'സ്റ്റാൻഡിങ് കോൺസൽ' എന്ന തസ്തിക മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ നടത്തുന്ന കേസുകളുടെ എണ്ണത്തിനനുസരിച്ചാണ് ഈ തസ്തികയിലുള്ളവർക്ക് പ്രതിഫലം നൽകുന്നത്. നിലവിൽ ഹൈക്കോടതിയിലുള്ള സീനിയർ ഗവൺമെന്റ് പ്ലീഡർക്കോ, ഗവൺമെന്റ് പ്ലീഡർമാർക്കോ സമാനമായ പദവിയല്ല ഇത്.
1978ലെ ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യാതെയാണ് സർക്കാർ പുതിയ നിയമനം നടത്തിയിരിക്കുന്നത്. അഡ്വ. രമേഷ് ബാബു ഉൾപ്പെടെ അഞ്ച് സ്റ്റാൻഡിങ് കൗൺസിലർമാരെ ഇത്തരത്തിൽ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ചട്ടത്തിൽ നിർവചിക്കപ്പെടാത്ത തസ്തികയിലേക്ക് നിയമനം നടത്തിയത് നിയമപരമായ അവ്യക്തതയ്ക്കും അധികാര ശ്രേണിയിലെ ആശയക്കുഴപ്പത്തിനും കാരണമാകുന്നുണ്ടെന്നും വിമർശനമുണ്ട്. പ്രായപരിധി പരിഗണിച്ചും രമേഷ് ബാബുവിനെ സ്റ്റാൻഡിങ് കോൺസൽ ആയും നിയമിക്കാൻ പാടില്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനങ്ങളിലും ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് ലോയേഴ്സ് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.











0 comments