ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ എങ്ങനെ അട്ടിമറിക്കപ്പെട്ടു? വീഴ്ചകൾ മറയ്ക്കാൻ പലരെയും പഴിചാരുന്നു: പ്രതിപക്ഷനേതാവ്

പിണറായി വിജയൻ
മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മുന്നൊരുക്കങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. തുരങ്കപാത പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണിൽ നല്ലൊരുഭാഗം കൂനയായി കിടക്കുകയായിരുന്നു. അവ നീക്കം ചെയ്യാൻ നേരത്തേ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിക്കുകയും ചെയ്തു. ആ തീരുമാനം ആരാണ് അട്ടിമറിച്ചത്? അതിതീവ്രമഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും യെല്ലോ അലർട്ട് മാത്രമാണ് പുറപ്പെടുവിച്ചത്. ഇവയെല്ലാം സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരവീഴ്ചയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കള്ളാടിയിൽ ദുരന്തമേഖലയും ദുരിതാശ്വാസക്യാമ്പും സന്ദർശിച്ചശേഷം വാർത്താസമ്മേളനത്തിലായിരുന്നു പിണറായിയുടെ പ്രതികരണം.
രണ്ട് ദിവസമായി വയനാട്ടിൽ ശക്തമായ മഴയുണ്ടാകും എന്ന മുന്നറിപ്പുണ്ടായിരുന്നു. പക്ഷേ അതനുസരിച്ചുള്ള മുന്നൊരുക്കങ്ങളുണ്ടായില്ല. അതിതീവ്രമഴയാണ് പ്രദേശത്ത് പെയ്തത്. ദുരന്തമുണ്ടായ ദിവസം പ്രദേശത്ത് 266 മില്ലിമീറ്റർ മഴപെയ്തു എന്നാണ് പറയുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മാനദണ്ഡപ്രകാരം 244.4 ന് മുകളിലുള്ളത് അതിതീവ്രമഴയാണ്. പക്ഷേ പുറത്തിറക്കിയ മഴമുന്നറിയിപ്പിൽ യെല്ലോ അലർട്ട് മാത്രമാണുണ്ടായത്. അതിതീവ്രമഴ വരാനിടയുള്ളപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്നതിന് ശേഷമാണെന്നാണ് വാർത്തകൾ. ഇത് ഗുരുതരമായ അലംഭാവമാണ് ചൂണ്ടിക്കാട്ടുന്നത്.
പദ്ധതി പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി വേണ്ട മുൻകരുതലുകളും കൈക്കൊണ്ടില്ല. ജില്ലാ കലക്ടർ അധ്യക്ഷയായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ജൂൺ 20ന് ചേർന്നിരുന്നു. മൺകൂനകളിൽനിന്നുള്ള മണ്ണൊലിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഇത് ഭീഷണിയായി മാറുമെന്നും ആ യോഗം വിലയിരുത്തിയിരുന്നു. അപകടകരമായ രീതിയിൽ നിക്ഷേപിച്ചിരുന്ന മണ്ണ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അടിയന്തരമായി നീക്കണമെന്നും നിർദേശിച്ചു. അതുവരെ താൽകാലിക സംരക്ഷണനടപടി എന്ന നിലയ്ക്ക് മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയണമെന്നും ഈ യോഗം തുരങ്കപാത നിർമാണ ഏജൻസിക്ക് നിർദേശം നൽകിയിരുന്നു. പക്ഷേ ഇവയൊന്നും നടപ്പിലായില്ല. സർക്കാർ എന്ന നിലയ്ക്ക് പ്രത്യേക നടപടികളും സ്വീകരിച്ചില്ല.
പദ്ധതിയുടെ പൂർണമായ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനാണ്. ജൂൺ 25ന് പൊതുമരാമത്ത് സ്പെഷ്യൽ സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും പിഡബ്ല്യുഡി ചീഫ് എഞ്ചിനിയറും സ്ഥലം സന്ദർശിച്ചു. കൂട്ടിയിട്ട മണ്ണ് ശക്തമായ മഴയിൽ കുത്തിയൊഴുകി അപകടം സംഭവിക്കുമെന്ന് വിലയിരുത്തുകയും ചെയ്തു. ശക്തമായ മഴ ഉണ്ടാകാനുള്ള സാഹചര്യത്തിൽ മീനാക്ഷിപാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണം എന്നും വിലയിരുത്തി. പക്ഷേ രണ്ടാഴ്ച കഴിഞ്ഞിട്ടും സർക്കാർ ഒരുനടപടിയും സ്വീകരിച്ചില്ല. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
ഏകോപനത്തിലും വലിയതോതിലുള്ള തകരാറുകളുമുണ്ട്. മന്ത്രിമാർ ഏകോപനമില്ലാതെയും പരസ്പരവിരുദ്ധമായും സംസാരിച്ചു. പലരെയും പഴിചാരി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയാണ് മന്ത്രിമാർ.
അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ഏത് തരം വീഴ്ചകളാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്ന് പരിശോധിക്കാൻ പ്രാപ്തരമായവരെ ഉൾക്കൊള്ളിച്ചുള്ള പരിശോധന നടക്കേണ്ടത് പ്രധാനമാണ്. എന്നാൽ അതിന്റെ പേരിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ചില ശ്രമങ്ങൾ സർക്കാർ തലത്തിൽതന്നെ നടക്കുന്നുണ്ട്. തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി ലഭ്യമായതിനെക്കുറിച്ച് തെറ്റായകാര്യങ്ങളാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. കള്ളാടിയിലുണ്ടായ അപകടം പാരിസ്ഥിതി പ്രശ്നംമൂലമുണ്ടാതല്ല. പാരിസ്ഥിതികമായ ഒരു പ്രശ്നവുമില്ലാത്ത പ്രദേശമായാലും ഇത്തരത്തിൽ നിർമാണ സമയത്ത് വെട്ടിയെടുത്ത മണ്ണ് മുൻകരുതലുകളില്ലാതെ കൂട്ടിവെച്ചാൽ സംഭവിക്കാവുന്ന അപകടം പ്രത്യേകമായി കാണണം. ഈ വീഴ്ച മറച്ചുവെക്കാനാണ് പാരിസ്ഥിതിക അനുമതി ലഭിച്ച തുരങ്കപാത പദ്ധതിയെ വിവാദത്തിലാക്കാൻ ശ്രമിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതെന്നും പിണറായി പറഞ്ഞു.











0 comments