ആഭ്യന്തരമന്ത്രിയുടെ ചിത്രം കമന്റ് ചെയ്തതിന് കേസ്; പ്രശസ്തിക്ക് ഹാനി വരുത്തിയെന്ന് എഫ്ഐആർ

രമേശ് ചെന്നിത്തല
ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് പൊലീസ് കേസെടുത്തു. മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ക്രിമിനൽ കേസ് പ്രതിയായ ആൾ ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിട്ട ചിത്രമാണ് അനിൽകുമാർ കമന്റ് ചെയ്തത്. തിരുവനന്തപുരം സൈബർ ഓപറേഷൻസ് വിഭാഗം എസ്പി നേരിട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും, തുടർന്ന് ഹരിപ്പാട് പൊലീസ് കേസെടുക്കുകയുമായിരുന്നു.
ഒരു മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന വാർത്തയുടെ താഴെ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുകയും ചെയ്യുന്ന കിഷോർ എന്നയാൾക്കൊപ്പം ചെന്നിത്തല നിൽക്കുന്ന ചിത്രമാണ് അനിൽകുമാർ കമന്റ് ചെയ്തത്. ഇത് ആഭ്യന്തരമന്ത്രിയുടെ പ്രശസ്തിക്ക് ഹാനിവരുത്തുന്നതിനും പൊലീസ് സേനയുടെ ഔദ്യോഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് പൊതുജനങ്ങളിൽ തെറ്റിധാരണപരത്താൻ ഇടയാക്കി എന്നുമാണ് കുറ്റം. എന്നാൽ അനിൽകുമാർ കമന്റ് ചെയ്ത ചിത്രം വ്യാജമാണെന്ന് എഫ്ഐആറിൽ പറയുന്നില്ല.











0 comments