യുപിയിൽ വാഹനാപകടം: ഒരേ കുടുംബത്തിലെ നാലുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

യുപിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം |Photo:Screengrab NDTV
സഹാരൻപൂർ : ഉത്തർപ്രദേശിലെ ഡെറാഡൂൺ-പഞ്ചകുള ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സഹാരൻപൂരിലെ രാംപൂർ മണിഹാരൻ മേഖലയിലാണ് സംഭവം. അമിതവേഗതയിലെത്തിയ ബൊലേറോ കാർ, കുടുംബം സഞ്ചരിച്ചിരുന്ന ടാറ്റ ടിയാഗോ കാറിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
ഹൈവേയിൽ ടിയാഗോ കാർ റിവേഴ്സ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് പിന്നിൽ നിന്ന് വന്ന എസ്‌യുവി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ഡിവൈഡറിലിടിച്ച് റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണു. ഇടിയെത്തുടർന്ന് എസ്‌യുവി മറിയുകയും ചെയ്തു. ഹരിയാനയിലെ സോനിപത്ത് ബഹദൂർഗഡ് സ്വദേശികളാണ് മരിച്ചവർ. ഇവർ ഹരിദ്വാറിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ചരൺ സിംഗ്, ഭാര്യ സുദേഷ്, മരുമകൾ പ്രീതി, കൊച്ചുമകൻ ശിവാംശ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പ്രവീൺ, സഹദേവ് എന്നിവരും തിരിച്ചറിയാത്ത മറ്റൊരു വ്യക്തിയും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.









0 comments