ഉന്നാവോ കേസ്: കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസി പ്രത്യേക അനുമതി ഹർജി സമർപ്പിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.
അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ പ്രവേശിക്കരുത്, അതിജീവിതയെ കാണരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ ഹൈക്കോടതി വിധി പഠിച്ച ശേഷം, ശിക്ഷാ ഇളവിനെതിരെ ശക്തമായ നിലപാടുമായി സിബിഐ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു.
അതിജീവിതയുടെ പ്രതിഷേധം ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയും കുടുംബവും ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധിച്ച അതിജീവിതയെയും മാതാവിനെയും ഡൽഹി പോലീസ് വലിച്ചിഴച്ച് നീക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
തനിക്ക് നീതി ലഭിച്ചില്ലെന്നും പ്രതി പുറത്തിറങ്ങുന്നത് ഭയപ്പാടുണ്ടാക്കുന്നുവെന്നുമാണ് അതിജീവിതയുടെ ആരോപണം. 2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് സെംഗാർ ശിക്ഷിക്കപ്പെട്ടത്.
ഈ കേസിന് പിന്നാലെ അതിജീവിതയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതും തുടർന്നുണ്ടായ വാഹനാപകടവും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്ന് ഇയാൾക്ക് ഇളവ് ലഭിച്ചത്.










0 comments