Deshabhimani

print edition ആധാറിന്‌ പകരം വോട്ടർ ഐഡി; വോട്ടിനൊപ്പം ആനുകൂല്യങ്ങളും വെട്ടുന്നു

Aadhar.jpg
വെബ് ഡെസ്ക്

Published on Nov 05, 2026, 02:09 AM | 2 min read

ന്യൂഡൽഹി : ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ തിരിച്ചറിയാനും ആനുകൂല്യ വിതരണത്തിനും ആധാർ കാർഡിനുപകരം വോട്ടർ തിരിച്ചറിയൽ കാർഡും (ഇപിഐസി) ബയോമെട്രിക്‌ വിവരങ്ങളും ഉപയോഗിക്കാൻ കേന്ദ്രസർക്കാർ നീക്കം. എസ്‌ഐആറിലൂടെ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താക്കിയവരുടെ ആനുകൂല്യങ്ങളും വെട്ടാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.


നിലവിൽ ആധാർ ഉപയോഗിച്ച്‌ ആനുകൂല്യം ലഭിക്കുന്നവർ പുതിയ സംവിധാനം വരുന്നതോടെ വോട്ടർ ഐഡി നന്പറും ബയോമെട്രിക്‌ വിശദാംശവും കൈമാറേണ്ടി വരുമെന്ന്‌ കേന്ദ്ര പഞ്ചായത്ത്‌ രാജ്‌ മന്ത്രി രാജീവ്‌ രഞ്‌ജൻ സിങ് പറഞ്ഞു. ആധാർ ദുരുപയോഗിച്ച് ക്ഷേമപദ്ധതികളിൽ വ്യാജ ഗുണഭോക്താക്കളെ ചേർക്കാൻ സാധ്യതയുണ്ടെന്നും അർഹരായവർക്കുമാത്രം ആനുകൂല്യം നൽകാനാണ് പുതിയ സംവിധാനമെന്നുമാണ് മന്ത്രിയുടെ വാദം.


വോട്ടർപട്ടികയിൽനിന്നുള്ള ഒഴിവാക്കൽ മറ്റ്‌ ആനുക‍ൂല്യങ്ങൾ നിഷേധിക്കാൻ കാരണമല്ലെന്ന്‌ സുപ്രീംകോടതി പലതവണ നിരീക്ഷിച്ചിരുന്നു. പശ്‌ചിമ ബംഗാളിൽ വോട്ടർപട്ടികയിൽനിന്ന്‌ പേര്‌ നീക്കിയതിനെ തുടർന്ന്‌ റേഷൻ ആനുക‍ൂല്യം നിഷേധിച്ചിരുന്നു. ഇതുൾപ്പെടെയുള്ള പരാതികൾ പരിഗണിച്ചാണ്‌ സുപ്രീംകോടതി നിലപാട്‌ വ്യക്തമാക്കിയത്‌. രാജ്യവ്യാപകമായി എസ്‌ഐആറിന്റെ ഭാഗമായി 13.39 കോടി പേരുകൾ നീക്കാൻ നടപടി സ്വീകരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഉത്തർപ്രദേശിൽ മാത്രം 2.05 കോടി വോട്ടർമാരെ നീക്കാനും നടപടി തുടങ്ങിയിരുന്നു.


ദരിദ്രർക്കെതിരായ കടന്നാക്രമണം: സിപിഐ എം


​ക്ഷേമ പദ്ധതി ആനുക‍ൂല്യ വിതരണത്തിന്‌ ആധാർ ഒഴിവാക്കി വോട്ടർ ഐഡി ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം ഗ്രാമീണ ദരിദ്രർക്കെതിരായ കടന്നാക്രമണമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ. വലിയ വിഭാഗം ജനങ്ങൾക്ക്‌ ആനുകൂല്യം നിഷേധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണം.


വോട്ടവകാശം നിഷേധിക്കുന്ന എസ്‌ഐആറിന്റെ അടുത്ത പടിയാണിത്‌. എസ്ഐആറിലൂ‍ടെ വോട്ടർപട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടവർക്ക്‌ പല സംസ്ഥാനങ്ങളിലും റേഷൻ ഉൾപ്പെടെ നിഷേധിക്കുന്നു. ക്ഷേമ ആനു‍കൂല്യത്തിന്‌ വോട്ടർ ഐഡി നിർബന്ധമാക്കുന്നതിലൂടെ കൂടുതൽ പേർ ഒഴിവാക്കപ്പെടും. വോട്ടർപട്ടികയിലെ ഒഴിവാക്കൽ ക്ഷേമപദ്ധതികളിൽനിന്നുള്ള ഒഴിവാക്കലിന്‌ കാരണമാകരുതെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനവുമാണിത്.


13.4 കോടി വോട്ടർമാർ വോട്ടർ പട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു. പാർശ്വവൽകൃത ജനവിഭാഗങ്ങൾ, മുസ്ലിങ്ങൾ, സ്‌ത്രീകൾ, സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവരാണ്‌ ഇവരിലധികവും. ഗ്രാമീണ ദരിദ്രർക്ക്‌ ലഭ്യമല്ലാത്ത സാങ്കേതിക വിദ്യകളോ സങ്കീർണ രേഖകളോ ക്ഷേമപദ്ധതി ആനു‍ക‍ൂല്യങ്ങൾക്ക്‌ മാനദണ്ഡമാക്കരുത്‌.


തൊഴിലുറപ്പ്‌ പദ്ധതികളിൽ ബയോമെട്രിക് പരിശോധന പരാജയപ്പെടുന്നത്‌ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കാൻ ഇടയാക്കുന്നു. കഠിനമായ ശാരീരികാധ്വാനം മൂലം വിരലടയാളങ്ങൾ മാഞ്ഞ തൊഴിലാളികൾക്കും കണ്ണിന്റെ തിരിച്ചറിയൽ പരിശോധനയിൽ പരാജയപ്പെടുന്ന വയോധികരായ സ്‌ത്രീ തൊഴിലാളികൾക്കും ഇതുകാരണം ആനുകൂ‍ല്യങ്ങൾ ലഭിക്കുന്നില്ല.


ഇ–കെവൈസിക്ക്‌ സ്‌മാർട്ട്‌ ഫോൺ നിർബന്ധമാണ്‌. ഭൂരിഭാഗം ഗ്രാമീണ കുടുംബങ്ങൾക്കും അതിന്‌ ശേഷിയില്ല. ആധാർ നിർബന്ധമല്ലെന്ന്‌ കോടതിയിൽ തുടർച്ചയായി ഉറപ്പുനൽകിയ കേന്ദ്രസർക്കാർ പിന്നീട്‌ എല്ലാ ക്ഷേമ പദ്ധതികൾക്കും ആധാർ നിർബന്ധമാക്കി. കുറ്റമറ്റ സംവിധാനമെന്ന്‌ ആധാറിനെ പുകഴ്‌ത്തിയ കേന്ദ്രം ഇപ്പോൾ തള്ളിപ്പറയുകയാണെന്നും പി ബി പ്രസ്താവനയില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home