ജനങ്ങൾക്ക് ഇരുട്ടടി; സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കുത്തനെ കുറച്ചു. ഒരു വർഷം ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് ചുരുക്കിയത്.
14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണത്തിലും കേന്ദ്രം കത്തിവെച്ചത്. നിലവിൽ ഒരു സിലിണ്ടറിന് 300 രൂപയാണ് കേന്ദ്ര സർക്കാർ സബ്‌സിഡിയായി നൽകി വരുന്നത്.
പുതിയ നിയന്ത്രണം വരുന്നതോടെ വർഷത്തിൽ നാല് സിലിണ്ടറുകൾ കഴിഞ്ഞാൽ ഉപഭോക്താക്കൾ വിപണിയിലെ പൂർണ്ണ വില നൽകി പാചകവാതകം വാങ്ങേണ്ടി വരും.
പശ്ചിമേഷ്യയിൽ തുടരുന്ന ആഭ്യന്തര-രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില ഉയരുന്നതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരു ഗ്യാസ് സിലിണ്ടറിന് 700 രൂപയും, ഒരു ലിറ്റർ പെട്രോളിന് ആറ് രൂപയും, ഡീസലിന് 30 രൂപയും എന്ന നിരക്കിൽ വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ സബ്‌സിഡി വഴി ഇപ്പോഴും ജനങ്ങൾക്ക് ആശ്വാസകരമായ നിരക്കിലാണ് സിലിണ്ടറുകൾ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, വിപണിയിലെ യഥാർത്ഥ വില കണക്കാക്കുമ്പോൾ ഒരു ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 1,600 രൂപയ്ക്കും മുകളിലാണ്. ഈ സാഹചര്യത്തിലാണ് സബ്‌സിഡി ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്.
വർഷത്തിൽ നാല് സിലിണ്ടറുകൾ മാത്രം സബ്‌സിഡി നിരക്കിൽ നൽകാനുള്ള തീരുമാനം സാധാരണക്കാരായ ദരിദ്ര-മധ്യവർഗ്ഗ കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ഹോട്ടൽ ഭക്ഷണ വില ഉൾപ്പെടെയുള്ളവ ഉയരാൻ ഇത് വരും ദിവസങ്ങളിൽ കാരണമായേക്കും.








0 comments