ad
Deshabhimani

print edition കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം; ഹിമാചലിൽ എസ്‌എഫ്‌ഐ മാർച്ചിനുനേരെ പൊലീസ്‌ അതിക്രമം

sfi himachal protest
avatar
സ്വന്തം ലേഖകൻ

Published on Jun 13, 2026, 12:35 AM | 1 min read

ന്യൂഡൽഹി : നീറ്റ്‌ ചോദ്യപേപ്പർ ചോർച്ച, സിബിഎസ്‌ഇ ക്രമക്കേട്‌ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിന്‌ നേരെ ഹിമാചൽ പ്രദേശ്‌ പൊലീസിന്റെ അതിക്രമം. സംസ്ഥാന സെക്രട്ടറി സണ്ണി സേക്ത, പ്രസിഡന്റ്‌ അനിൽ ഠാക്കൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്‌ നേരെ ആക്രമണമാണുണ്ടായി. നൂറിലധികം വിദ്യാർഥികളാണ്‌ ഷിംലയിലെ മാൾ റോഡിൽ സംഘടിപ്പിച്ച മാർച്ചിൽ അണിനിരന്നത്‌. ബിജെപി മന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ കോൺഗ്രസ്‌ സർക്കാർ നിയന്ത്രിക്കുന്ന പൊലീസ്‌ അറസ്റ്റ്‌ ചെയ്തുനീക്കി. നേരത്തെ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലും തെലങ്കാനയിലും എസ്‌എഫ്‌ഐ പ്രതിഷേധത്തിന്‌ വിലക്കേർപ്പെടുത്തിയിരുന്നു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്‌. എണ്ണൂറിൽ അധികം എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ അറസ്റ്റിലായത്‌. വിദ്യഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ വിദ്യാർഥികളുടെ ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്‌. അഞ്ചുലക്ഷം ഒപ്പുമായി ജ‍ൂൺ 19ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കാനാണ്‌ എസ്‌എഫ്‌ഐ പദ്ധതിയിടുന്നത്‌.


എസ്‌എഫ്‌ഐ നേതാവിനെ 
വീട്ടുതടങ്കലിലാക്കി യുപി പൊലീസ്‌


ന്യൂഡൽഹി : നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധത്തെ ഭയന്ന്‌ ബിജെപി. ഉത്തർപ്രദേശിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌ തടയാനായി എസ്‌എഫ്‌ഐ നേതാവിനെ പൊലീസ്‌ വീട്ടുതടങ്കലിലാക്കി. യുപി സംസ്ഥാന കമ്മിറ്റിയംഗവും കാസ്ഗഞ്ച്‌ ജില്ലാ കൺവീനറുമായ അജയ്‌യെയാണ്‌ വീട്ടുതടങ്കലിലാക്കിയത്‌. വിവിധ അധ്യാപക ഗ്രൂപ്പുകളും എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും ചേർന്ന്‌ ലക്‌ന‍ൗവിലെ ഇക്കോ ഗാർഡനിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാനാണ്‌ അജയ്‌യെ തടങ്കലിലാക്കിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home