print edition ഷിഗല്ലയിൽ ഇരട്ടി വർധന; സ്ഥിതി ഗുരുതരം

സ്വന്തം ലേഖിക
Published on Jun 13, 2026, 01:37 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പടർത്തി ഷിഗല്ല വ്യാപനവും. മലപ്പുറം സ്വദേശിയുടെ മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചു. വയറിളക്കം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കീഴാറ്റൂർ സ്വദേശി സരോജിനിയാണ് മരിച്ചത്. വെള്ളിയാഴ്‌ച മാത്രം 18 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
വയനാട്–ഏഴ്, തിരുവനന്തപുരം-–ഒന്ന്, കൊല്ലം–ഒന്ന്, തൃശൂർ–രണ്ട്, മലപ്പുറം–മൂന്ന്, കോഴിക്കോട്–നാല് എന്നിങ്ങനെയാണ് രോഗബാധിതർ. 2025ൽ 132 കേസുകൾ റിപ്പോർട്ട് ചെയ്‌തിടത്ത് ഇൗ വർഷം ജൂൺ 12വരെ മാത്രം 123 കേസുകളുണ്ട് (ജനുവരിയിലെ കണക്ക് ലഭ്യമല്ല). മൂന്ന് മരണവും റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ വർഷം മരണമുണ്ടായിരുന്നില്ല. അതിനിടെ, നിപാ സ്ഥിരീകരിച്ച കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള യുവാവിന് മോണോക്ലോണൽ ആന്റിബോഡി ആദ്യ ഡോസ് നൽകി.
സമ്പർക്കവിലക്കിലുള്ള മൂന്നുപേരെ നിരീക്ഷണത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവം പരിശോധനയ്-ക്കയച്ചു. പുതിയതായി 10 പേരെ കൂടി സമ്പർക്കപ്പട്ടികയിലും ഉൾപ്പെ ടുത്തി. മറ്റ് പകർച്ചവ്യാധികളും സംസ്ഥാനത്ത് പടർന്നുപിടിക്കുന്നുണ്ട്. എറണാകുളം കടവന്ത്ര സ്വദേശിയായ 61 വയസ്സുകാരി എച്ച്1എൻ1 ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു. പനി ബാധിച്ച് മാത്രം വെള്ളിയാഴ്‌ച 12,441 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. മലപ്പുറത്ത് പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം രണ്ടായിരം കടന്നു. ഡെങ്കി–56, എലിപ്പനി–11, മഞ്ഞപ്പിത്തം–24, മലേറിയ–3 എന്നിങ്ങനെയാണ് വെള്ളിയാഴ്‌ച സ്ഥിരീകരിച്ച കേസുകൾ.









0 comments