അധ്യാപകന്റെ അപമാനം താങ്ങാനായില്ല; മഹാരാഷ്ട്രയിൽ പതിനഞ്ചുകാരൻ ജീവനൊടുക്കി

മുംബൈ: അധ്യാപകന്റെ അപമാനത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. ജയ് ബജ്രംഗ് വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥി വിവേക് മഹാദേവ് റാവത്ത് (15) ആണ് മരിച്ചത്. വിവേകിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. അധ്യാപകൻ ശകാരിച്ചെന്നും മാതാപിതാക്കളെക്കുറിച്ച് സംസാരിച്ചെന്നും അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്നും കുറിപ്പിലുള്ളതായാണ് വിവരം.
"സൂര്യവംശി ടീച്ചർ എന്നെ കുറ്റപ്പെടുത്തുകയും എന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്തതിനാലാണ് ഞാൻ മരിക്കുന്നത്. ഞാൻ ജീവനൊടുക്കുന്നു" എന്നാണ് വിവേകിന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്.
ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാൻ വിവേകിന് കഴിഞ്ഞില്ല. തുടർന്ന് പഠനത്തിൽ മോശമാണെന്ന് മാതാപിതാക്കളെ അറിയിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തി. അധ്യാപകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതിന് സഹപാഠികളും പരിഹസിച്ചു. അപമാനം താങ്ങാനാവാതെ വിദ്യാർഥി ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ടുകൾ.
വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധിച്ച്, പ്രദേശവാസികൾ അധ്യാപകനെ മർദ്ദിച്ചു. സൂര്യവംശി ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.








0 comments