print edition ഉന ദളിത് പീഡനക്കേസ്; പ്രതികൾക്ക് 5 വർഷം തടവുശിക്ഷ

ഗിർസോമനാഥ് : ഗുജറാത്തിലെ ഉനയിൽ ചത്തപശുവിന്റെ തോലുരിക്കുകയായിരുന്ന ദളിതരെ ക്രൂരമായി മർദിച്ച് നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ അഞ്ച് പ്രതികൾക്ക് 5 വർഷം വീതം തടവുശിക്ഷ. 5000 രൂപ വീതം പിഴ അടക്കാനും വെരാവലിലെ പ്രത്യേക കോടതി ജഡ്‍ജി ജെ ജെ പാണ്ഡ്യ ശിക്ഷിച്ചു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥരടക്കം 35 പേരെ തിങ്കളാഴ്ച കോടതി വെറുതെവിട്ടു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ബാക്കിയുണ്ട്.
പട്ടികജാതിക്കാർക്കുനേരെയുള്ള അക്രമങ്ങൾ തടയുന്ന വകുപ്പ് പ്രകാരമാണ് 5 വർഷം തടവുശിക്ഷ. ഐപിസിയിലെ 323, 324 വകുപ്പുകൾ പ്രകാരം 3 വർഷവും 342 പ്രകാരം ഒരു വർഷം 504 പ്രകാരം രണ്ട് വർഷം തടവുവിധിച്ചെങ്കിലും എല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതി.
ശിക്ഷിക്കപ്പെട്ടതിൽ നാലുപേരും ആറ് വർഷത്തിലേറെ ജയിലിൽ കിടന്നവരാണ്. ഒരാൾ നാലുവർഷമായി ജാമ്യത്തിലായതിനാൽ ഇയാൾ മാത്രം ശിക്ഷ അനുഭവിച്ചാൽ മതിയാകും. പ്രതികളെ വെറുതെ വിട്ട വിധിയിൽ ഇരകൾ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഗിർ സോമനാഥ് ജില്ലയിലെ ഉനയിൽ മോട്ടാ സമധ്യാല ഗ്രാമത്തിൽ 2016 ജൂലായ് 11-നാണ് രാജ്യവ്യാപക പ്രതിഷേധമുയർന്ന സംഭവം നടന്നത്. പരമ്പരാഗത തൊഴിലിന്റെ ഭാഗമായി ചത്തപശുവിന്റെ തോലുരിക്കുകയായിരുന്ന ദളിത് കുടുംബത്തെ ഗോരക്ഷാ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. നാലു യുവാക്കളെ വാഹനത്തിൽ ഉന ടൗണിലെത്തിച്ച് വിവസ്ത്രരാക്കി കെട്ടിയിട്ട് പരസ്യമായി തല്ലിച്ചതച്ചു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. പശുവിനെ കൊന്നെന്നാരോപിച്ച് ഇവരെ പൊലീസിന് കൈമാറി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്. ഇരകളുടെ കുടുംബം പിന്നീട് ബുദ്ധമതം സ്വീകരിച്ചു.











0 comments