ad
Deshabhimani

print edition ഉമർ ഖാലിദിന്റെ പുസ്‌തകചർച്ച; വേദി നിഷേധിച്ച്‌ ജെഎൻയു

umar khalid.
വെബ് ഡെസ്ക്

Published on Aug 10, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാക്കേസിൽ വിചാരണ കൂടാതെ ആറ്‌ വർഷമായി തടവിൽ കഴിയുന്ന ഉമർ ഖാലിദ്‌ രചിച്ച പുസ്‌തകം ചർച്ച ചെയ്യുന്നതിനുള്ള വേദി നിഷേധിച്ച്‌ ജെഎൻയു. വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസ്‌ ഓഡിറ്റോറിയത്തിലായിരുന്നു ചർച്ച നടക്കേണ്ടത്‌. പുസ്‌തക ചർച്ച പുറത്ത്‌ സംഘടിപ്പിക്കുമെന്ന്‌ വിദ്യാർഥി യൂണിയൻ അറിയിച്ചു.


ലോക ആദിവാസി ദിനത്തോടനുബന്ധിച്ച്‌ ഉമർ ഖാലിദിന്റെ ‘ശിഥിലീകൃത വിഭാഗങ്ങൾ’(ഫ്രാക്‌ചേർഡ്‌ കമ്യൂണിറ്റീസ്‌) എന്ന പുസ്‌തകമാണ്‌ ചർച്ചയ്‌ക്ക്‌ വെച്ചത്‌. പരിപാടിയെ സംബന്ധിച്ച പൂ‍ർണവിവരങ്ങൾ വെളിപ്പെടുത്താതിനാലാണ്‌ വേദി നിഷേധിച്ചതെന്ന്‌ സർവകലാശാല പറയുന്നു. എന്നാൽ ഡീൻ നിർദേശിച്ചതുപ്രകാരമുള്ള വിവരങ്ങൾ നൽകിയാണ്‌ ഓഡിറ്റോയം ബുക്ക്‌ ചെയ്തതെന്ന്‌ വിദ്യാർഥി യൂണിയൻ അറിയിച്ചു. പുസ്‌തക ചർച്ചയ്‌ക്ക്‌ വേദി നിഷേധിച്ചുകൊണ്ട്‌ സർവകലാശാല എക്‌സിൽ പോസ്റ്റ്‌ ചെയ്ത അറിയിപ്പിൽ ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി‍, ധനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരെ ടാഗ്‌ ചെയ്തിട്ടുണ്ട്‌. സർവകലാശാലയിലെ ജനാധിപത്യപരമായ എല്ലാ പരിപാടികളും തകർക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ നിയമിച്ച സംഘപരിവാർ അനുകൂലിയായ വിസി ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിന്റെ നേതൃത്വത്തിൽ ആവർത്തിച്ചുണ്ടാവുന്നുണ്ട്‌.


പ്രൊഫ. പ്രഭു മൊഹാപത്ര, പ്രൊഫ. ഉമ ചക്രവർത്തി, എഴുത്തുകാരൻ ശുദ്ധബ്രത സെൻഗുപ്ത, സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ, ഖാലിദിന്റെ പങ്കാളി ബാനോജ്യോത്സ്ന ലാഹിരി എന്നിവരാണ്‌ പുസ്‌തകചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home